വരിഞ്ഞുമുറുക്കാന്‍ നിയമങ്ങളുടെ പട്ടിക; നിസംഗത വെടിഞ്ഞ് ഒരുമിക്കാം... ചിറ കെട്ടാം മൂല്യങ്ങള്‍ക്ക്

വരിഞ്ഞുമുറുക്കാന്‍ നിയമങ്ങളുടെ പട്ടിക; നിസംഗത വെടിഞ്ഞ് ഒരുമിക്കാം... ചിറ കെട്ടാം മൂല്യങ്ങള്‍ക്ക്

കാലത്തിന്റെ മുന്നറിയിപ്പുകളും ചുവരെഴുത്തുകളും കൃത്യമായി മനസിലാക്കി വിവേകത്തോടെ പ്രതികരിക്കുന്നതിലാണ് മനുഷ്യ വംശത്തിന്റെ നിലനില്‍പ്പു തന്നെ ആശ്രയിച്ചിരിക്കുന്നത്. വിശ്വാസത്തിന്റെയും സാന്മാര്‍ഗിക മൂല്യങ്ങളുടെയും കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. ഇപ്പോഴത്തെ പ്രവണതയില്‍ ഏറിയാല്‍ 10 വര്‍ഷം, അതിനുള്ളില്‍ യൂറോപ്പിലും ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് രാജ്യങ്ങളിലുമെല്ലാം ക്രിസ്തീയ പ്രഭാവം അസ്തമിച്ചേക്കാം.

വിശ്വാസികളെന്ന് അവകാശപ്പെടുന്ന നല്ലൊരു വിഭാഗം ജനതയും വിശ്വാസ കാര്യങ്ങളില്‍ പുലര്‍ത്തുന്ന നിസംഗതയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. നിയമ നിര്‍മാണം, നീതിന്യായ, ഭരണരംഗങ്ങളിലെല്ലാം ദൈവ വിശ്വാസത്തോടും വിശ്വാസികളോടും പരമ പുച്ഛമുള്ള ഒരു ജനത നിയന്ത്രണമേറ്റെടുക്കുന്നതോടെ വിശ്വാസ മൂല്യങ്ങളുടെ ചോര്‍ച്ച അതിന്റെ പാരമ്യത്തിലെത്തും.

ചെറുതും വലുതുമായ നിരവധി സമൂഹങ്ങള്‍ വിശ്വാസ തീക്ഷ്ണതയില്‍ ജ്വലിച്ച് മൂല്യങ്ങളുടെ ഈ കുത്തൊഴുക്കിനെ പ്രതിരോധിച്ച് ചിറകെട്ടി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാകുന്നു.

വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്നവര്‍ എത്തേണ്ട ഏതാനും തിരിച്ചറിവുകളാണ് ഇതിന്റെ ആദ്യപടി. ഈ തിരിച്ചറിവുകളിലൂടെയാകട്ടെ പുതിയ തുടക്കം.

1. ലോകത്തില്‍ ക്രിസ്തീയ വിശ്വാസം അനുഷ്ഠിക്കുന്നതില്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

2. ക്രിസ്തീയ വിശ്വാസത്തിന് ഘടകവിരുദ്ധമായ നിരവധി നിയമനിര്‍മാണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ അതിവേഗം നടപ്പാക്കുന്നു.

3. പല രാജ്യങ്ങളിലും ക്രിസ്ത്യാനികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മതപീഢനങ്ങളെക്കുറിച്ച് ഒരു സാധാരണ വിശ്വാസിക്ക് വ്യക്തമായ അറിവില്ല; അറിയാന്‍ ആഗ്രഹിക്കുന്നുമില്ല.

4. ഒരു സാധാരണ വിശ്വാസി ക്രിസ്തീയ വിശ്വാസ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഒന്നും തന്നെ ചെയ്യുന്നില്ല (സ്വന്തം കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന ഒഴികെ), അത് മറ്റുള്ളവരുടെ മാത്രം ഉത്തരവാദിത്വവും കടമയുമാണെന്നു ധരിക്കുന്നു.

5. ക്രിസ്തീയ രാജ്യങ്ങളെന്നു നാം ധരിച്ചിരിക്കുന്ന പല രാജ്യങ്ങളിലും ഭൂരിപക്ഷം വരുന്ന ജനത ഒരു മതവിശ്വാസവും പുലര്‍ത്താത്തവരാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക.

ഭൂരിപക്ഷ ജനതയ്ക്കു വേണ്ടിയാണ് നിയമങ്ങള്‍ അധികവും നിര്‍മിക്കപ്പെടുന്നത്. അവരാണ് വോട്ട് ബാങ്കില്‍ ശക്തര്‍. നിയമ നിര്‍മാണ-നിര്‍വഹണ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ മാത്രമായി മാറുന്നതോടെ പരമ്പരാഗത മൂല്യങ്ങളുടെ കൊഴിഞ്ഞുപോക്ക് പൂര്‍ണമാകുന്നു.

സ്വവര്‍ഗ വിവാഹം, ഭ്രൂണഹത്യ നിയമവിധേയമാക്കല്‍, ദയാവധം, കുമ്പസാര രഹസ്യങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട സാഹചര്യം, ഭ്രൂണഹത്യാ ക്ലിനിക്കുകളുടെ സമീപത്തു നിന്ന് പ്രാര്‍ത്ഥിക്കുന്നത് കുറ്റകരമാക്കുന്ന നിയമം, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ സര്‍ക്കാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന നിയമം, സ്വവര്‍ഗ ലൈംഗികതയെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍... എത്രയെത്ര നിയമ നിര്‍മാണങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ളത്.

വിശ്വാസ മൂല്യങ്ങള്‍ക്ക് എങ്ങനെ ചിറകെട്ടാം എന്ന ഈ പരമ്പരയുടെ ഉള്ളടക്കം വരുംകാലങ്ങളില്‍ വലിയ തുടര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയ രൂപീകരണത്തിനും കാരണമാകട്ടെ എന്നു പ്രത്യാശിക്കുന്നു. വരും തലമുറകള്‍ ഇത് തങ്ങളുടെ കര്‍ത്തവ്യവും നിലനില്‍പ്പുമാണെന്നു കണ്ട് കര്‍മനിരതരാകട്ടെ.

വിവിധ ദേശങ്ങളില്‍നിന്നുള്ള ചെറുതും വലുതുമായ ക്രിസ്തീയ കൂട്ടായ്മകള്‍ ഓരോ രാജ്യങ്ങളിലും ഉയര്‍ന്നുവരട്ടെ. ചൈനീസ് ക്രിസ്ത്യനും ആഫ്രിക്കന്‍ ക്രിസ്ത്യനും വിയറ്റ്‌നാമില്‍നിന്നും കൊറിയക്കാരും ഇന്ത്യക്കാരും ഉള്‍പ്പെടെ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രൈസ്തവ കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം.

സോഷ്യല്‍ മീഡിയ പുതിയ പ്രേക്ഷിത ഭൂഖണ്ഡമായി കണ്ട് പ്രവര്‍ത്തനനിരതമാകാന്‍ ഓരോ വിശ്വാസിക്കും കഴിയണം. നമ്മുടെ വിശ്വാസ ജീവിതം എന്താകുന്നുവോ അത് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഫലിക്കപ്പെടട്ടെ.

വിശ്വാസം സംരക്ഷിക്കാനുള്ള മുന്നണി പോരാളികളായി യുവജനത മാറട്ടെ. സാങ്കേതിക പരിജ്ഞാനവും പുത്തന്‍ അറിവുകളുമെല്ലാം ഈ ഉദ്യമത്തില്‍ അവര്‍ക്ക് ശക്തിയായി മാറും. ജീവിക്കുന്ന രാജ്യങ്ങളില്‍ നിര്‍ണായക സ്വാധീന ശക്തിയായി മാറാനുതകും വിധം പുതു സംരംഭകരായി വളരാനുള്ള പരിശീലനം കൂടി നമ്മുടെ യുവാക്കള്‍ക്കു നല്‍കേണ്ടതുണ്ട്.

വിശ്വാസം മറച്ചുവയ്ക്കാനുള്ളതല്ലെന്നുള്ള തിരിച്ചറിവ് അനേകരിലേക്ക് പകരട്ടേയെന്ന് പ്രത്യാശിക്കുന്നു. ബാഹ്യ രൂപങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ലോകം മുഴുവനും വിശ്വാസം പ്രചരിക്കപ്പെടാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിയും ഏറ്റെടുക്കണം.

മികച്ച മാധ്യമ-രാഷ്ട്രീയ-സാമൂഹിക അവബോധത്തോടെ ശക്തമായ അല്‍മായ മുന്നേങ്ങളാണ് വിശ്വാസ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഉയര്‍ന്നു വരേണ്ടത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മാത്രമല്ല മുതിര്‍ന്നവര്‍ക്കു കൂടി മികച്ച മാധ്യമ-രാഷ്ട്രീയ-സാമൂഹിക അവബോധം പകരുന്ന ചര്‍ച്ചാ ക്ലാസുകളും പഠന ശിബിരങ്ങളും സമൂഹത്തില്‍ ഇളംകാറ്റായി വീശട്ടെ.

ക്രിസ്തീയമായതെന്തും വിപണിയില്‍ ചലനങ്ങളുണ്ടാക്കാന്‍ പ്രാപ്തമാകണം. ക്രിസ്തുമസും ഈസ്റ്ററും മാത്രമല്ല പരമ്പരാഗത ക്രിസ്തുമസ് കാര്‍ഡുകള്‍, മാമോദീസ, ആദ്യ കുര്‍ബാന തുടങ്ങിയ കൂദാശ സ്വീകരണങ്ങളിലെ ക്രിസ്തീയ പ്രതീകങ്ങളും ആശംസാ കാര്‍ഡുകളും വിപണിയില്‍ വ്യാപിക്കണം.

ക്രൈസ്തവ വിശ്വാസം പ്രമേയമാക്കുന്ന സിനിമയും ടെലിഫിലിമുകളും നോവലും കവിതയും കാര്‍ട്ടൂണുകളും കൂടുതലായി വിപണിയില്‍ ഉണ്ടാകണം.

പ്രതിരോധിക്കാന്‍ സമയം തുലോം കുറവെന്ന ചിന്ത ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജം പകരട്ടെ.

പരമ്പര അവസാനിച്ചു

പരമ്പരയുടെ എല്ലാ ഭാഗങ്ങളും വായിക്കാന്‍ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.