നീ എവിടെനിന്നു വരുന്നു ? എങ്ങോട്ടു പോകുന്നു ?
ഒരു ബസ് യാത്രയിൽ ഒരു സീറ്റിൽ പ്രായം കൂടിയ ഒരു മനുഷ്യനും ഒരു ചെറുപ്പക്കാരനും, പ്രായമായ ആൾ വണ്ണം കൂടിയ ആൾ ആയിരുന്നു.
രണ്ടു പേരും തമ്മിൽ തർക്കം.സംസാരം ശ്രദ്ധിച്ചപ്പോൾ വളരെ വിഷമം തോന്നി.
പറയരുതാത്ത അസഭ്യവാക്കുകൾ, രണ്ടു പേരും തന്തക്കും തള്ളക്കും വിളിക്കുന്നു. ചെറുപ്പക്കാരൻ ഇപ്രകാരം പറയുന്നു, ഈ സീറ്റിന്റെ പകുതി എനിക്കാവശ്യമുണ്ട്, ഞാൻ നീങ്ങിയിരിക്കുകയില്ല.
പ്രായമായ ആൾ പറയുന്നു. ഞാൻ ടിക്കറ്റ് എടുത്തിട്ടാണ് ഈ സീറ്റിൽ ഇരിക്കുന്നത്.
രണ്ടു പേരും പറയുന്നതനുസരിച്ചു ഒരാൾ അല്പം ഞരുങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളു. ചെറുപ്പക്കാരൻ വണ്ണം കുറഞ്ഞവനാകയാൽ അല്പം മാറിയാൽ പ്രശ്നം പരിഹരിക്കാം .
ഇനി പ്രായമായയാൾ അല്പം മാന്യമായി സംസാരിച്ചാലും തീരാവുന്ന പ്രശ്നം. ഇനി എന്റെ അപ്പന്റെ പ്രായമുള്ള മനുഷ്യനെന്ന് ചെറുപ്പക്കാരൻ ചിന്തിച്ചാലും മതി, നേരെ തിരിച്ചുംഅച്ചായനും ചിന്തിക്കാം. ഏതായാലും രണ്ടുപേരും പിരിഞ്ഞു.
ഇനി ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ചെറുപ്പക്കാരൻ ആദ്യം ഓട്ടോ വിളിച്ചു തന്റെ ലക്ഷ്യ സ്ഥാനത്തെത്തി. തന്റെ അമർഷം പങ്കുവച്ചുകൊണ്ടിരിക്കുമ്പോൾ, ഇതാ വരുന്നു പ്രായമായയാൾ അതേ വീട്ടിലേക്ക് തന്നെ. രണ്ടുപേരുടെയും പരസ്പരമുള്ള നോട്ടത്തിൽ ഇപ്രകാരമൊരു ഭാവമുണ്ട്, ഇവിടെയും ഈ ശല്യം വന്നല്ലോ!
സത്യമറിഞ്ഞപ്പോൾ രണ്ടുപേരും ഞെട്ടിപ്പോയി ഒരു കുടുംബകൂട്ടായ്മയുടെ തുടക്കം കുറിയ്ക്കുന്നതിനുള്ള ദിവസമായിരുന്നു അത്, അകലങ്ങളിൽ താമസിക്കുന്നവരും പരസ്പരം കണ്ടിട്ടില്ലാത്തവരും തമ്മിൽ ഒരുമിച്ചുകൂടുന്ന നല്ല ദിവസത്തിന്റെ തുടക്കം.
ഈ അച്ചായനും മകനും ഒരു തരത്തിൽ പറഞ്ഞാൽ അപ്പനും മകനുമാണ്. അപ്പോൾ ഇവർ അങ്ങോട്ടുമിങ്ങോട്ടും വിളിച്ച അപ്പനും അമ്മയ്ക്കും ആരുടെ അപ്പനും അമ്മയുമാ ? സത്യത്തിൽ ഈ ലോകത്തിൽ നാം യാത്രക്കാർ മാത്രം . ഒടുവിൽ നാമെത്തിച്ചേരേണ്ട ഒരു ഭവനത്തിലേക്കുള്ള യാത്ര.
ഇവരുടെ യാത്ര ബസ്സിനെ ലോകമായും ചെന്നെത്തിയ ഭവനത്തെ സ്വർഗ്ഗമായും ഒന്ന് ചിന്തിച്ചുകൊണ്ടു വി. കൊച്ചുത്രേസ്യയുടെ ഈ വാക്കുകൾ കൂടി ധ്യാനിച്ചാൽ നമുക്ക് ചില രഹസ്യങ്ങൾ പിടികിട്ടും. " ലോകമെന്നാൽ നീ യാത്രചെയ്യുന്ന കപ്പലാണ് നിന്റെ വീടല്ല " പൗലോശ്ലീഹായും പറയുന്നുണ്ട് : നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് ‘. എല്ലാവരും പോകുന്നു, ഈ ഞാനും പോകുന്നു എങ്ങോട്ടെന്നറിയില്ലല്ലോ , ഈ യാത്ര എങ്ങോട്ടെന്നറിയില്ലലോ ? ഇതൊരു സിനിമാപാട്ടിന്റെ ഈരടിയാണെങ്കിലും കുറെയൊക്കെ അർഥം ഇതിലും ഒളിഞ്ഞു കിടപ്പുണ്ട്. അല്ലെങ്കിൽ മറ്റൊരു പാട്ട് : ഈ യാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയൊരു വിശ്രമം എവിടെച്ചെന്നോ ?
നീ എവിടെനിന്നു വന്നു ? നീ എങ്ങോട്ടു പോകുന്നു ? ഇത് നമ്മുടെ ധ്യാനവിഷയമായാൽ ഇപ്രകാരവും ഇതിനു സമാനവുമായ പല പാപങ്ങളും നമുക്ക് ഒഴിവാക്കാം. ഒരു പക്ഷേ ആത്മീയ മേഖലയിൽ വളർന്നവരെന്നു കരുതുന്നവർ പോലും നമ്മുടെ സുകൃതങ്ങളുടെ ഒരു ലിസ്റ്റുമായി വിധിയാളന്റെ മുൻപിൽ നിൽക്കുമ്പോൾ ' ഞാൻ നിങ്ങളെ അറിയുകയില്ല' എന്ന വാക്കുകൾക്കുമുമ്പിൽ നാം നിസഹായനായി മാറേണ്ടിവരും.
ഒരു പ്രായമായ അച്ചായൻ ഒരു സർക്കാരോഫീസിൽ ചെന്ന് ഒരു സംശയം ചോദിച്ചപ്പോൾ അദ്ദേഹത്തോടു പറഞ്ഞ വാക്കുകൾ - കണ്ട അണ്ടനോടും അടകോടനോടും പറയേണ്ട ആവശ്യം എനിക്കില്ല- ആരാണീ അണ്ടൻ ആരാണീ അടകോടൻ ? ചിന്തിക്കാം ധ്യാനിക്കാം
(തങ്കച്ചൻ തുണ്ടിയിൽ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.