' യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും'; കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനമെന്ന് കെ. സുധാകരന്‍

' യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും'; കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനമാണ് ഇതെന്നും കെ. സുധാകരന്‍ പറഞ്ഞു.

ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവത്കരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നതാണ്.

പ്രകടനപത്രികയിലും എല്‍ഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലേറി രണ്ടാം ടേം ആയിട്ടും ഇക്കാര്യത്തില്‍ ഇടതുമുന്നണി മൗനം തുടരുകയാണ്. നിലവിലെ ജീവനക്കാരില്‍ ഏകദേശം മൂന്നില്‍ ഒരാള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലാണ്.

പ്രതിമാസ ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്തു ശതമാനമാണ് ജീവനക്കാര്‍ പെന്‍ഷന്‍ അക്കൗണ്ടിലേക്ക് നല്‍കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ 2018 ല്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 2021 ഏപ്രില്‍ 30 ന് സമിതി റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും അതു പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.