തായ്‌വാന്‍ പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെ പ്രകോപനവുമായി ചൈനീസ് യുദ്ധക്കപ്പല്‍; വീണ്ടും ആശങ്ക

തായ്‌വാന്‍ പ്രസിഡന്റിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നാലെ പ്രകോപനവുമായി ചൈനീസ് യുദ്ധക്കപ്പല്‍; വീണ്ടും ആശങ്ക

തായ്‌പെയ്: തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പ്രകോപനവുമായി ചൈനീസ് യുദ്ധക്കപ്പല്‍. തങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് നടത്തിയ ചര്‍ച്ചയെ ചൈന അപലപിച്ചിരുന്നു. കടലിടുക്കിലെ ചൈനയുടെ ഓരോ നീക്കങ്ങളും തായ്‌വാന്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്.

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റാങ്കിലുള്ള ഉദ്യോഗസ്ഥനായ മക്കാര്‍ത്തിക്കൊപ്പം ബുധനാഴ്ചയാണ് സായ് ഇങ്-വെന്‍ കൂടിക്കാഴ്ച നടത്തിയത്. കാലിഫോര്‍ണിയയിലെ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നടന്ന ചര്‍ച്ചയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും ഡെമോക്രാറ്റിലെയും നിയമനിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പങ്കെടുത്തിരുന്നു. തായ്‌വാന്റെ പൂര്‍ണ അധികാരം സ്വന്തമാക്കാന്‍ വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന ഭീഷണികള്‍ക്കിടയിലാണ് ചര്‍ച്ച നടന്നത്. കൂടാതെ അമേരിക്കയും ചൈനയുമായുള്ള ബന്ധവും ഏറ്റവും മോശം അവസ്ഥയിലാണുള്ളത്.

തായ്‌വാന്‍ പ്രസിഡന്റും മക്കാര്‍ത്തിയും തമ്മിലുള്ള കൂടിക്കാഴ്ചയോട് രൂക്ഷമായിട്ടായിരുന്നു ചൈനയുടെ പ്രതികരണം. തായ്‌വാന് മേലുള്ള ചൈനയുടെ അവകാശത്തെ തുരങ്കം വയ്ക്കുന്നുവെന്നും വിഘടനവാദ ലക്ഷ്യങ്ങളോടെ ഒത്തുകളിക്കുകയാണെന്നും ചൈന ആരോപിച്ചിരുന്നു.

ചൈനയുടെ വിമാനവാഹിനിക്കപ്പലായ ദി ഷാന്‍ഡോങ്ങിനെ കഴിഞ്ഞ ദിവസം തായ്‌വാന്റെ കിഴക്കന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയതായി തായ്‌വാന്‍ പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. ലോസ് ഏയ്ഞ്ചല്‍സില്‍ സായ് ഇങ്-വെന്നും മക്കാര്‍ത്തിയും കണ്ടുമുട്ടുന്നതിന് തൊട്ടുമുന്‍പാണ് തായ്‌വാനിലെ പ്രധാന ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്തേക്ക് ചൈന കപ്പല്‍ അയച്ചത്. ഷാന്‍ഡോങ് പരിശീലനത്തിലാണെന്നും കപ്പലില്‍ നിന്ന് വിമാനങ്ങളൊന്നും പറന്നുയരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ സാഹചര്യം വളരെ സെന്‍സിറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തായ്‌വാനീസ് യുദ്ധക്കപ്പലുകള്‍ അഞ്ച് മുതല്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് കപ്പലുകളെ നിരീക്ഷിക്കുകയാണ്. അതേസമയം, തായ്‌വാനില്‍ നിന്ന് 400 നോട്ടിക്കല്‍ മൈല്‍ അകലെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സിന്റെയും സാന്നിധ്യമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അന്നത്തെ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിന് ശേഷവും യുദ്ധസമാനമായൊരു നീക്കത്തിന് ചൈന മുതിര്‍ന്നിരുന്നു.

ഒകിനാവയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കണ്ടെത്തിയ കപ്പല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.