ദുബായ്:ബഹിരാകാശ രംഗത്ത് ചരിത്രപരമായ മറ്റൊരു ചുവടുവയ്പിന് ഒരുങ്ങി യുഎഇ. എമിറാത്തി ബഹിരാകാശ സഞ്ചാരിയായ സുല്‍ത്താന്‍ അല്‍ നെയാദി ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുന്നു. ഏപ്രില്‍ 28 നാണ് നെയാദിയുടെ ബഹിരാകാശ നടത്തം.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യം വിജയമായാല്‍ ബഹിരാകാശ നടത്തം നടത്തിയ ആദ്യ എമിറാത്തി സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി (ഇവിഎ) ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായും യുഎഇ മാറും. ആശംസകള്‍ സുല്‍ത്താന്‍ എന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
ബഹിരാകാശ നിലയത്തിന്‍റെ അസംബ്ലി, അറ്റകുറ്റപ്പണികൾ, നവീകരണം എന്നിവയെ പിന്തുണച്ച് നടത്തുന്ന 262-ാമത് ബഹിരാകാശ നടത്തത്തിന്‍റെ ഭാഗമായിരിക്കും അൽനെയാദി.ഐഎസ്എസിൽ നിന്ന് ഈ വർഷം നടക്കുന്ന അഞ്ചാമത്തെ ബഹിരാകാശ നടത്തമാണിത്.നാസ ഫ്ലൈറ്റ് എഞ്ചിനീയർ സ്റ്റീഫൻ ബോവനും അൽനെയാഡിയും ആറ് മണിക്കൂറിലധികം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇവിഎ യ്‌ക്കായി ഒരുമിച്ച് പ്രവർത്തിക്കും.
ബഹിരാകാശ സഞ്ചാരികള്‍ എയർലോക്ക് എന്ന പ്രത്യേക വാതിലിലൂടെയാണ് ബഹിരാകാശ നടത്തത്തിനായി പേടകം വിടുന്നത്.പേടകവുമായുളള ബന്ധം സുരക്ഷാ ടെതറുകള്‍ വഴി നിലനിർത്തും. ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷന്‍റെ S-ബാൻഡ് കമ്മ്യൂണിക്കേഷൻസ് സ്ട്രിംഗിന്‍റെ അവിഭാജ്യ ഘടകമായ നിർണായക റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് യൂണിറ്റ് വീണ്ടെടുക്കുക എന്നതാണ് ഇത്തവണത്തെ നടത്തത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്.സോളാർ അറേ ഇന്‍സ്റ്റാളേഷന്‍ ഇവിഎ കളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പ് ജോലികളിലും സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും ഭാഗമാകും.
ബഹിരാകാശ സഞ്ചാരികളുടെ കഴിവും അനുഭവപരിചയവും ബഹിരാകാശത്തിന്‍റെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെടല്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ബഹിരാകാശ നടത്തത്തിന് തെരഞ്ഞെടുക്കുന്നത്. എൻജിനീയറിംഗ്, റോബോട്ടിക്‌സ്, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്നവർക്കാണ് അവസരമുളളത്.
ഭ്രമണപഥത്തിലെ ലാബറട്ടറിയുടെ കഴിവുകൾ പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഐഎസ്എസിലെ ബഹിരാകാശ നടത്തങ്ങൾ നിർണായകമാണ്. ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത്, നിർണ്ണായകമായ ചുമതല നിർവഹിക്കാൻ യോഗ്യതയുള്ള തിരഞ്ഞെടുത്ത ബഹിരാകാശയാത്രികർക്ക് മാത്രമേ ബഹിരാകാശ നടത്തത്തിന് അവസരം ലഭിക്കുകയുളളൂ. ബഹിരാകാശ നടത്തത്തിനുള്ള തയ്യാറെടുപ്പിനായി അൽനേയാഡി ടെക്‌സാസിലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാസയുടെ ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ (എൻബിഎൽ) 55 മണിക്കൂറിലധികം പരിശീലനം നടത്തിയിരുന്നു.
തങ്ങള്‍ ഈ ദൗത്യത്തിനായി മൂന്ന് വർഷമായി തയ്യാറെടുക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്‍റെ ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറി ട്വീറ്റ് ചെയ്തു.സുൽത്താൻ ഇതിനകം ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ പരിശീലനം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് രണ്ടാം തിയതിയാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റില്‍ യുഎഇ സമയം രാവിലെ 9.34 ന് ഐഎസ്എസിലേക്ക് നെയാദിയും സംഘവും യാത്ര ആരംഭിച്ചത്. 25 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, ആൻഡ്രി ഫെഡ്‌യേവ് എന്നീ സഹസഞ്ചാരികള്‍ക്കൊപ്പം സുല്‍ത്താന്‍ ഐഎസ്എസിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.