വാഷിംഗ്‌ടൺ, ഡി സി : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും അവരുടെ നാലാമത്തെയും അവസാനത്തെയും ക്രിസ്മസ് ഈ വർഷം വൈറ്റ് ഹൗസിൽ ആഘോഷിക്കുന്നു. ഓരോ വർഷവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് വൈറ്റ് ഹൗസിലെ ക്രിസ്തുമസ് അലങ്കാരങ്ങൾ . ഈ വർഷത്തെ വിഷയം , “അമേരിക്ക ദി ബ്യൂട്ടിഫുൾ” എന്നതാണ് . "മഹത്തായ ഈ രാഷ്ട്രത്തിന്റെ മഹിമയ്ക്കുള്ള അംഗീകാരമായാണ് ഈ വിഷയം തെരഞ്ഞെടുത്തത് . ഒരു തീരം മുതൽ മറ്റേ തീരം വരെ, ഈ രാജ്യം അമ്പരിപ്പിക്കുന്ന പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. മറ്റുള്ളവരെ അഭിമാനത്തോടെ ക്ഷണിക്കാൻ പര്യാപ്തമായ ഈ രാജ്യത്തു നമ്മൾ ഒരുമിച്ച് ക്രിസ്ത്മസ് ആഘോഷിക്കുന്നു" പ്രഥമ വനിത പറഞ്ഞു .
“ഈ വർഷത്തെ വൈറ്റ് ഹൗസിന്റെ ക്രിസ്തുമസ്സ് കാല തീം,‘ അമേരിക്ക ദി ബ്യൂട്ടിഫുൾ ’ എന്നാണെന്നു പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്,” പ്രഥമ വനിത മെലനി ട്രംപ് രാഷ്ട്രത്തെ അറിയിച്ചു . “കഴിഞ്ഞ നാല് വർഷമായി നമ്മുടെ രാജ്യത്തെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനും ദേശസ്‌നേഹികളായ പല അമേരിക്കൻ പൗരന്മാരെയും കണ്ടുമുട്ടാനുള്ള അവസരം എനിക്കുണ്ടായി. ഒരു തീരം മുതൽ മറ്റേ തീരം വരെ, എല്ലാ അമേരിക്കക്കാരും പങ്കിടുന്ന ആത്മബന്ധം , നമ്മുടെ പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, ചരിത്രം എന്നിവയോടുള്ള ബഹുമാന സൂചകമായാണ് , ഈ വർഷത്തെ വിഷയം തിരഞ്ഞെടുത്തത് . അലങ്കാരങ്ങൾ ചെയ്യാനായി സഹായിച്ച എല്ലാ സ്റ്റാഫുകൾക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി. എല്ലാവർക്കും സന്തോഷകരമായ ക്രിസ്മസ് ആശംസകളും ആരോഗ്യകരമായ പുതുവത്സരാശംസകളും നേരുന്നു. ” പ്രഥമ വനിത രാജ്യത്തോട് പറഞ്ഞു.
നാഷണൽ ക്രിസ്മസ് ട്രീ' മത്സരത്തിൽ വിജയിയായ ഡാൻ ടെയ്ലർ, തന്റെ സമ്മാനാർഹമായ ക്രിസ്മസ് ട്രീ പ്രഥമ വനിതക്ക് സമർപ്പിച്ചു. പതിനെട്ടര അടി ഉയരമുള്ള ഈ ട്രീ , ക്രിസ്മസ് അലങ്കാരങ്ങളുടെ കേന്ദ്രഭാഗമായിരിക്കും. വെസ്റ്റ് വെർജിനിയയിലെ ' ഫ്രെസെർ ഫർ ' എന്നയിനം വിഭാഗത്തിൽ പെട്ട മരമാണിത്. വൈറ്റ് ഹൗസിലെ 'ബ്ലൂ റൂമി'ൽ സ്ഥാപിച്ചിരിക്കുന്ന ഈ മരം , മുറിയുടെ സീലിങ്ങിൽ തൊട്ടാണ് സ്ഥിതി ചെയുന്നത്.
ഓരോ വർഷവും ഒരോ വിഷയമാണ് അലങ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2019 ലെ ക്രിസ്തുമസ് അലങ്കാരങ്ങളുടെ വിഷയം ' ദി സ്പിരിറ്റ് ഓഫ് അമേരിക്ക ' എന്നതായിരുന്നു. 2018 ലെ വിഷയം ' അമേരിക്കൻ ട്രെഷേർസ്' എന്നതും 2017 ലെ വിഷയം ‘ ആദരിക്കപ്പെടുന്ന പാരമ്പര്യങ്ങൾ ' എന്നതുമായിരുന്നു. പ്രഥമ വനിത തന്നെയാണ് എല്ലാ വർഷത്തെയും വിഷയങ്ങൾ തെരഞ്ഞെടുത്തത് .
ഇലക്ഷൻ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വൈറ്റ് ഹൗസിലെ ഈ ഭരണകാലത്തെ അവസാന ക്രിസ്സ്തുമസ് ഏറ്റവും ഭംഗി ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ് പ്രഥമ കുടുംബം . 2017ൽ വൈറ്റ് ഹൗസിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ച പ്രഥമ ദമ്പതികൾ , 2020ലെ ഉൾപ്പെടെ 4 ക്രിസ്ത്മസ് ആഘോഷങ്ങളുടെ ഓർമ്മ പേറിക്കൊണ്ടായിരിക്കും ജനുവരിയിൽ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുക . വോട്ടെടുപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് , ട്രംപ് കൊടുത്തിട്ടുള്ള കേസ് നിലനിൽക്കുന്നതിനാൽ ഇലക്ഷൻ ഫല പ്രഖ്യാപനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . ഇലക്ഷൻ ഫലത്തിൽ ഇപ്പോഴത്തേതിൽനിന്നും മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ജനുവരി അവസാന ആഴ്ചയോടെ ട്രമ്പും മെലനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.