അമ്മ മകനെ പീഡിപ്പിച്ചെന്നത് കള്ളക്കേസ്; സൂത്രധാരന്മാരായ ആദ്യഭര്‍ത്താവും എസ്‌ഐയും കുടുങ്ങും

അമ്മ മകനെ പീഡിപ്പിച്ചെന്നത് കള്ളക്കേസ്; സൂത്രധാരന്മാരായ ആദ്യഭര്‍ത്താവും എസ്‌ഐയും കുടുങ്ങും

തിരുവനന്തപുരം: പതിമ്മൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കള്ളക്കേസില്‍ 37കാരിയെ 27ദിവസം ജയിലിലടച്ചതിന് മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, എസ്.ഐ വിനോദ് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

2020 ഡിസംബറില്‍ കടയ്ക്കാവൂര്‍ പൊലീസെടുത്ത കേസ്, കുടുംബ വഴക്കിന്റെ പേരില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വേണ്ടെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നാല് കുട്ടികളുടെ അമ്മയായ സ്ത്രിയെ അറസ്റ്റ് ചെയ്യും മുന്‍പ്, അവരും ഭര്‍ത്താവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളോ കോടതിയിലെ കേസുകളോ കണക്കിലെടുത്തില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉപദേശം തേടിയില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഐ.ജിയുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ ഹൈക്കോടതിയാണ് അമ്മയ്ക്ക് ജാമ്യം നല്‍കിയത്. അമ്മയുടെ മൊബൈല്‍ കണ്ടെത്തി മഹസര്‍ തയ്യാറാക്കിയപ്പോള്‍ എസ്.ഐ വിനോദിന് ജാഗ്രതക്കുറവുണ്ടായെന്നും സി.ഐ ശിവകുമാറും ഡിവൈ.എസ്.പി സുരേഷും നിയമോപദേശം തേടാതെയും എസ്.ഐയ്ക്ക് നിര്‍ദേശം നല്‍കാതെയും ഗുരുതരവീഴ്ച വരുത്തിയെന്നും ഡി.ജി.പി കണ്ടെത്തി.

എസ്.ഐയും കുട്ടിയുടെ പിതാവും തമ്മില്‍ 21 ദിവസത്തിനിടെ 67തവണ സംസാരിച്ചു. ഭാര്യയെ കേസില്‍ കുടുക്കാന്‍ കുട്ടിയെക്കൊണ്ട് ഭര്‍ത്താവ് കള്ളമൊഴി നല്‍കിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. മനശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സഹായത്തോടെ, കുട്ടിയുടെ മൊഴി കളവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പിതാവ് മര്‍ദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നല്‍കിച്ചതെന്ന് ഇളയ കുട്ടി വെളിപ്പെടുത്തിയെങ്കിലും പൊലീസ് വക വച്ചിരുന്നില്ല. പതിനേഴും പതിമൂന്നും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍മക്കളും 6 വയസുള്ള മകളുമാണ് ഇവര്‍ക്കുള്ളത്. അതേസമയം മൂന്ന് ഉദ്യോഗസ്ഥരുടെയും സ്വകാര്യഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല.

സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മ അറസ്റ്റിലായ ആദ്യത്തെ കേസായിരുന്നു ഇത്. കുട്ടിയുടെ മാതാപിതാക്കള്‍ പിണക്കത്തിലായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി. പിതാവ് പുനര്‍വിവാഹിതനായി ഗള്‍ഫിലേക്ക് പോയി. വിവാഹ മോചനക്കേസും നടക്കുന്നുണ്ട്. അച്ഛനൊപ്പം ഗള്‍ഫില്‍ പോയിരുന്ന കുട്ടി തിരികെ വന്ന ശേഷമാണ് അമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി അച്ഛന്‍ മുഖാന്തരം പൊലീസിനെ സമീപിച്ചത്.

മൂന്നു വര്‍ഷമായി യുവതിയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് ജീവനാംശത്തിന് കേസു കൊടുത്തതാണ് കള്ളക്കേസിനിടയാക്കിയത്.

ഭര്‍ത്താവിനെതിരെ ജമാഅത്ത് കമ്മിറ്റിക്കും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്കും അമ്മ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല.
അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മള സ്നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ലെന്നും ജനനത്തിന് മുമ്പേ തുടങ്ങുന്ന സ്നേഹബന്ധത്തിന് ഉപാധികളില്ലെന്നും പറഞ്ഞ ഹൈക്കോടതി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.