'സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം'; ഉയിര്‍പ്പു തിരുനാള്‍ ആശംസകളുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

'സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം'; ഉയിര്‍പ്പു തിരുനാള്‍ ആശംസകളുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പു ഞായര്‍ വരെയുള്ള ഈ ആഴ്ചയില്‍ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണ് ക്രൈസ്തവര്‍ അനുസ്മരിച്ച് അനുഭവമാക്കുന്നതെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങള്‍ക്കെല്ലാം കൂടി പെസഹാ അഥവാ 'കടന്നുപോകല്‍' എന്ന് പറയുന്നു. ഈ കടന്നുപോകല്‍ വഴി ക്രിസ്തു മനുഷ്യവര്‍ഗത്തോടൊപ്പം തന്നെത്തന്നെ ദൈവപിതാവിനു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ പറയുന്നു.

മരണത്തിലൂടെയുള്ള ഈ സമര്‍പ്പണം ഉത്ഥാനത്തില്‍ പരിപൂര്‍ണമാകുന്നു. 'ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, മരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി'' (ഫിലി. 2: 79) വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

മരണത്തിലൂടെയുള്ള താഴ്ത്തലും ഉത്ഥാനത്തിലൂടെയുള്ള ഉയര്‍ച്ചയുമാണ് ക്രിസ്തുവിന്റെ കടന്നുപോകലില്‍ സംഭവിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സ്‌നേഹിച്ചു. അവസാനം വരെ സ്‌നേഹിച്ചു. അവസാനം വരെ എന്നു പറയുമ്പോള്‍ സ്‌നേഹിക്കാവുന്നതിന്റെ പരമാവധി സ്‌നേഹിച്ചു എന്നാണര്‍ത്ഥമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മപ്പെടുത്തി.

ശിഷ്യന്മാരോടുള്ള ക്രിസ്തുവിന്റെ ഈ സ്‌നേഹം അവിടുത്തെ സാര്‍വത്രിക സ്‌നേഹത്തിന്റെ അടയാളമായിരുന്നു. 'അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'' (യോഹ. 3:16). ക്രിസ്തുവിലൂടെ പ്രകാശിതമായ ദൈവസ്‌നേഹത്താല്‍ രക്ഷിക്കപെടുന്നവരെ ഭരിക്കുന്നത് അതേ സ്‌നേഹം തന്നെയാണ്. ക്രിസ്തു പറഞ്ഞു: 'നിങ്ങള്‍ക്കു പരസ്പരസ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയും.'തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വിദ്വേഷത്തെ വെല്ലുന്ന സ്‌നേഹം, വ്യക്തിമാത്സര്യങ്ങള്‍ക്ക് അതീതമായി വര്‍ത്തിക്കുന്ന പരസ്പര സ്‌നേഹം, കുടിപ്പകകള്‍ക്കു പകരമുള്ള സ്‌നേഹക്കൂട്ടായ്മ, പ്രാദേശികമമതകളെ ഉല്ലംഘിക്കുന്ന സര്‍വ്വദേശ സ്‌നേഹം, സാമുദായിക ചിന്തകള്‍ക്കുപരി സാമുദായിക സൗഹാര്‍ദ്ദം സൃഷ്ടിക്കുന്ന വിശാല സ്‌നേഹം, മതവിശ്വാസങ്ങളോടൊപ്പം മാനുഷികതയെ പരിപോഷിപ്പിക്കുന്ന മനുഷ്യ സ്‌നേഹം, രാജ്യാന്തര ഭിന്നതകള്‍ യുദ്ധങ്ങളില്‍ എത്തിക്കാത്ത അന്താരാഷ്ട്ര സൗഹൃദം ഇവയെല്ലാം സഹനത്തെയും മരണത്തെയും കടന്ന് ഉത്ഥിതനാകുന്ന ക്രിസ്തു ലോകത്തിനു നല്‍കുന്ന സന്ദേശങ്ങളാണ്, കര്‍മ്മസരണിയാണെന്നും വ്യക്തമാക്കിക്കൊണ്ട് ഉയിര്‍പ്പുതിരുനാളിന്റെ സമാധാനവും പ്രത്യാശയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്‌നേഹപൂര്‍വം ആശംസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.