കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിലും കരടുകടി; 45 പേരുടെ പട്ടികയിൽ 94 പേർ: മേല്‍നോട്ട ചുമതലയിൽ നിന്ന് ബല്‍റാമും ജയന്തും ഒഴിഞ്ഞു

കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിലും കരടുകടി; 45 പേരുടെ പട്ടികയിൽ 94 പേർ: മേല്‍നോട്ട ചുമതലയിൽ നിന്ന് ബല്‍റാമും ജയന്തും ഒഴിഞ്ഞു

തിരുവനന്തപുരം: മഹിളാ കോൺഗ്രസിന് പിന്നാലെ കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിലും കരടുകടി. പുനസംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് ആരോപിച്ച് സംസ്ഥാന കെ.എസ്.യുവിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമും അഡ്വ. ജയന്തും സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി ചൂണ്ടിക്കാണിച്ച് ഇരുവരും ശനിയാഴ്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കത്ത് നല്‍കി.

സംസ്ഥാന ചുമതലയിലുണ്ടായിരുന്ന ബല്‍റാമും ജയന്തും നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്നത് 45 പേര്‍ മാത്രമായിരുന്നു. എന്നാല്‍ നിലവില്‍ എന്‍.എസ്.യു അംഗീകരിച്ച പട്ടികയില്‍ 94 പേരുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലാണ് ഇരുവരും രാജി വെച്ചത്.

കെ.എസ്.യുവില്‍ നിന്ന് കെ.എം. അഭിജിത്തിനെ മാറ്റി അലോഷ്യസ് സേവിയറിനെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് പട്ടിക പുറത്തുവന്നിരുന്നു. ഇതിനുശേഷം സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നീണ്ടു. നിലവില്‍ ഇപ്പോള്‍ പുനസംഘടനാ പട്ടികയ്ക്ക് അംഗീകാരമായെങ്കിലും പുറത്തുവന്നിരിക്കുന്നത് ഒരു ജംബോ പട്ടികയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ അലോഷ്യസ് സേവറിനൊപ്പം രണ്ട് വൈസ് പ്രസിഡന്റുമാരായിരുന്നു നിയമിതരായത്. പുതിയ പട്ടികയില്‍ ഇരുവരെയും സീനിയര്‍ വെസ് പ്രസിഡന്റുമാരായി ഉയര്‍ത്തുകയും മറ്റ് നാല് പേരെ വൈസ് പ്രസിഡന്റുമാരായി നിയമിക്കുകയുമായിരുന്നു. ഇതിന് പുറമെ മറ്റ് ഒട്ടനവധി പേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.

വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രശ്‌നം കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. വിഷയത്തില്‍ അഞ്ച് ദിവസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.