തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നു. കഴിഞ്ഞദിവസം മാത്രം 1801 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 10,609 പേർ രോഗ ബാധിതരായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ.
പരിശോധന കർശനമല്ലാതിരുന്നിട്ടും രോഗം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്. അവധിക്കാല യാത്രകൾ കൂടുന്ന ഘട്ടത്തിൽ കോവിഡ് വ്യാപനം വേഗത്തിലാകാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്.
മാസ്ക് നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടിയന്തര കോവിഡ് അവലോകനയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറെയുള്ളത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ അഞ്ച് ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗനിരക്ക് അഞ്ച് ശതമാനത്തിലധികമാകുന്നത് ആശങ്കയോടെ കാണണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുള്ളത്.
തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്നേക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കേരളത്തിൽ ആരോഗ്യവകുപ്പിന്റെ മോക്ഡ്രിൽ നടക്കും. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽക്കണ്ട് ഐസിയു, വെന്റിലേറ്റർ എന്നിവ കൂടുതൽ മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങളുള്ളവരും പ്രായമായവരും ഗർഭിണികളും കുട്ടികളും നിർബന്ധമായും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഇവർ കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മുഖാവരണം നിർബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.