ബ്രഹ്മപുരം തീപിടിത്തം; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ച തിങ്കളാഴ്ച്ച: സിപിഎം വിട്ടു നിന്നേക്കും

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ ചര്‍ച്ച തിങ്കളാഴ്ച്ച: സിപിഎം വിട്ടു നിന്നേക്കും

കൊച്ചി: ബ്രഹ്മപുരം തീപിടിത്തം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് മേയര്‍ അഡ്വ.എം. അനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിലുള്ള ചര്‍ച്ച ഇന്ന് നടക്കും. രാവിലെ 10ന് കൗണ്‍സില്‍ ഹാളിലാണ് ചര്‍ച്ച. മേയറുടെയും എല്‍ഡിഎഫ് ഭരണസമിതിയുടെ പരാജയങ്ങളും അഴിമതികളും തുറന്നുകാട്ടാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അവിശ്വാസം പാസാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

അവിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കെടുത്താല്‍ പോലും അത് യുഡിഎഫിന് രാഷ്ട്രീയ വിജയമാവും. മാത്രമല്ല, പ്രതിപക്ഷത്തിന്റെ തുടക്കം മുതലുള്ള അഴിമതി ആരോപണങ്ങള്‍ക്ക് മേയര്‍ മറുപടി നല്‍കേണ്ട സാഹചര്യവും ഉണ്ടാവും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മേയര്‍ ഇതുവരെ സര്‍വകക്ഷി യോഗം വിളിച്ചിട്ടില്ല. മാലിന്യസംസ്‌കരണ വിഷയത്തിലും കൃത്യമായ നടപടികളായിട്ടില്ല. ഇതേതുടര്‍ന്ന് ബജറ്റ് ചര്‍ച്ച ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരുന്നു. 

74 അംഗ കൗണ്‍സിലില്‍ ഭരണപക്ഷമായ എല്‍ഡിഎഫിന് 37 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ടായിട്ടും അഞ്ചു ബിജെപി അംഗങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്. പ്രതിപക്ഷത്തും 37 പേരുണ്ടെങ്കിലും അഞ്ച് ബിജെപി അംഗങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അംഗബലം 32 അയി കുറയും. ഇതില്‍ രണ്ടുപേര്‍ ഏതു നിമിഷവും എല്‍ഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന നിലയിലുമാണ്. 

ബിജെപി കൗണ്‍സിലര്‍മാര്‍ മേയര്‍ക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപി അവിശ്വാസത്തെ പിന്തുണയ്ച്ചാല്‍ എല്‍ഡിഎഫില്‍ നിന്ന് ഒരംഗത്തിന്റെ കൂടി പിന്തുണ മതിയാകും അവിശ്വാസം പാസാക്കിയെടുക്കാന്‍. നിലവില്‍ 29 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തുണ്ട്. ഒപ്പം രണ്ട് സ്വതന്ത്രരും. 

അതേസമയം വലിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്. കേവല ഭൂരിപക്ഷമില്ലെങ്കില്‍ പോലും സ്വന്തം പാളയത്തില്‍ നിന്ന് ആരും കൊഴിഞ്ഞ് പോകില്ലെന്ന ഉറച്ച വിശ്വാസമാണ് എല്‍ഡിഎഫിന്റെ കരുത്ത്. സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് 37 പേരുടെ പിന്തുണയുണ്ട്. ഇതില്‍ 29 അംഗങ്ങള്‍ സിപിഎമ്മില്‍ നിന്നുള്ളവരാണ്. നാല് പേര്‍ സിപിഐക്കാരും. ജനതാദള്ളില്‍ നിന്ന് ഒരംഗവുമാണ്. മറ്റ് മൂന്ന് പേര്‍ സ്വതന്ത്രരായി മത്സരിച്ച് എല്‍ഡിഎഫ് പാളയത്തിലേക്ക് വന്നവരാണ്. ഇവരാരും തന്നെ യുഡിഎഫിലേക്ക് പോകില്ലെന്ന ഉറച്ച വിശ്വാസം സിപിഎമ്മിനും മേയര്‍ക്കുമുണ്ട്. 

അവിശ്വാസത്തെ ഭയമില്ലെന്ന് മേയര്‍ അവര്‍ത്തിക്കുന്നത് ഈ അത്മവിശ്വാസത്തിന്റെ പുറത്താണ്. മാത്രമല്ല ബിജെപി ഒരു കാരണവശ്യാലും കോണ്‍ഗ്രസിനൊപ്പം നില്‍ക്കില്ലെന്ന ഉറപ്പും സിപിഎമ്മിനുണ്ട്. മറിച്ച് സംഭവിച്ചാല്‍ കോണ്‍ഗ്രസിനെതിരെ സിപിഎമ്മിന് കിട്ടുന്ന വലിയ രാഷ്ട്രീയ ആയുധമാകും അത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.