സച്ചിൻ പൈലറ്റിന്റെ നിരാഹാര സത്യാഗ്രഹം: ഹൈക്കമാന്റിന് അതൃപ്തി; അനുനയ ശ്രമവുമായി കോൺഗ്രസ് നേതൃത്വം

സച്ചിൻ പൈലറ്റിന്റെ നിരാഹാര സത്യാഗ്രഹം: ഹൈക്കമാന്റിന് അതൃപ്തി; അനുനയ ശ്രമവുമായി കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ-ഗെലോട്ട് പോര് വീണ്ടും മുറുകി. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചതിൽ അതൃപ്തിയിലാണ് ഹൈക്കമാന്റ്. അതേസമയം സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ ശ്രമവുമായി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്.

സച്ചിൻ പൈലറ്റ് പ്രതിഷേധത്തിനായി തിരഞ്ഞെടുത്തത് തെറ്റായ സമയമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങി കാര്യങ്ങൾക്കിടെ പ്രതിഷേധം ഉണ്ടാക്കുന്ന ആഭ്യന്തര പ്രശ്നം തിരിച്ചടിയാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു.

രാജസ്ഥാന്റെ ചുമതലയുള്ള സുഖ്‌ജീന്ദർ സിംഗ് രൺധാവയോട് വിഷയത്തിൽ ഇടപെടാൻ എഐസിസി നിർദേശിച്ചിട്ടുണ്ട്. രൺധാവ ഇന്നോ നാളെയോ രാജസ്ഥാനിലേക്ക് പോകും. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കുന്ന വിഷയം തന്നോട് സച്ചിൻ പൈലറ്റ് ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് രൺധാവ വ്യക്തമാക്കി.

നാളെയാണ് മുൻ ബിജെപി സർക്കാരിന്റെ അഴിമതികൾ അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ച് സച്ചിൻ പൈലറ്റ് സംസ്ഥാനത്ത് നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അടക്കമുള്ളവർ രംഗത്ത് എത്തി. 

ഗെലോട്ട് വളരെ അടുക്കും ചിട്ടയുമുള്ള നേതാവാണ്. മുൻപും തടസങ്ങൾ വന്നിട്ടുണ്ട്. അദ്ദേഹം ഇത് പരിഹരിക്കുമെന്ന് ഭൂപേഷ് ബാഗൽ പ്രതികരിച്ചു. കൂട്ടായ നേതൃത്വത്തിൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നണ് ജയറാം രമേശിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.