കീവ്: ഉക്രെയ്‌നില്‍ നിന്ന് അനധികൃതമായി റഷ്യയിലേക്ക് കടത്തിയ 31 കുട്ടികളെ തിരികെ നാട്ടിലെത്തിച്ചു. സേവ് ഉക്രെയ്ന്‍ എന്ന ചാരിറ്റി സംഘടന ഇടപെട്ടാണ് കുട്ടികളെ തിരികെയെത്തിച്ചത്.
ഖാര്‍ക്കീവ്, ഖേഴ്‌സണ്‍ പ്രവിശ്യകളില്‍ നിന്നാണ് കുട്ടികളെ റഷ്യയിലേക്ക് കടത്തിയതെന്ന് സംഘടന വ്യക്തമാക്കി. വെള്ളിയാഴ്ച കുട്ടികളെ അവരുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഘടന പുറത്ത് വിട്ടു.
രണ്ട് മാസത്തെ സമ്മര്‍ ക്യാമ്പെന്ന പേരില്‍ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് റഷ്യന്‍ സൈന്യം അവരുടെ നിയന്ത്രണത്തിലുള്ള ഖേഴ്‌സണ്‍, ഖാര്‍ക്കീവ് മേഖലകളില്‍ നിന്ന് തങ്ങളെ കടത്തിക്കൊണ്ടു പോയതെന്ന് കുട്ടികള്‍ ആരോപിച്ചു. എന്നാല്‍ ആറ് മാസത്തോളം ക്യാമ്പില്‍ കഴിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടിരുന്നെന്നും കുട്ടികള്‍ പറയുന്നു.
മൃഗങ്ങളെ പോലെയാണ് തങ്ങളോട് റഷ്യ പെരുമാറിയതെന്നും എലികള്‍ക്കും പാറ്റകള്‍ക്കുമൊപ്പമാണ് താമസിപ്പിച്ചതെന്നും ഇതില്‍ ചില കുട്ടകള്‍ പറഞ്ഞതായി സേവ് ഉക്രെയ്ന്‍ സ്ഥാപകന്‍ മികോല കുലേബ പറയുന്നു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അധിനിവേശം ആരംഭിച്ചത് മുതല്‍ 19,500 ഓളം കുട്ടികളെ രാജ്യത്ത് നിന്ന് റഷ്യയിലേക്കോ റഷ്യന്‍ നിയന്ത്രിത മേഖലകളിലേക്കോ അനധികൃതമായി കടത്തിയെന്നാണ് ഉക്രെയ്ന്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യ കുട്ടികളെ യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തതെന്ന് അവകാശപ്പെടുന്നു.
റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസുമായി (എഫ്.എസ്.ബി) ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. കുട്ടികളെ നിയമ വിരുദ്ധമായി നാടുകടത്തിയെന്നതുള്‍പ്പെടെ ഉക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കാണിച്ച് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിഷണര്‍ മരിയ ല്വോവ ബെലോവയ്‌ക്കെതിരെയും ഇതേ കുറ്റത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.