മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ ഫാ.ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണം മെയ് 31ന്

മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ ഫാ.ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണം മെയ് 31ന്

കൊച്ചി; മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ഫാ. ജോൺ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണം മെയ് 31ന് നടക്കും. ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽഡിയൻ കാത്തലിക് ചർച്ചിൽ വെച്ച് 2023 മെയ് 31 ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

അപ്പസ്‌തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ചാൾസ് ബാൽവോ, ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ബിഷപ്പുമാർ, സീറോ മലബാർ സഭയിലെ നിരവധി വിശിഷ്ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. മെൽബൺ രൂപതയുടെ ആദ്യ ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രായയപ്പ് സമ്മേളനവും നടത്തപ്പെടുമെന്ന് രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകാംഗമാണ് ഫാ.ജോൺ പനന്തോട്ടത്തിൽ. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമം പ്രിയോർ ജനറലും സെന്റ് ഏലിയാസ് പള്ളി വികാരിയുമായിരുന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോ മലബാർ സഭയുടെ മെത്രാൻ സിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഫാ.ജോൺ പനന്തോട്ടത്തിലിനെ നിയുക്ത മെത്രാനായി പ്രഖ്യാപിച്ചത്.

പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മേയ് 31ന് ഫാ. ജോൺ ജനിച്ചു. സ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം സിഎംഐ സന്യാസസമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ വൈദികപരിശീലനത്തിനായി ചേർന്നു. 1986ൽ പ്രഥമവ്രതവാഗ്ദാനവും 1994ൽ നിത്യവ്രതവാഗ്ദാനവും നടത്തി. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ത ബിരുദവും മാന്നാനം സെന്റ് ജോസഫ് കോളേജിൽനിന്ന് ബിഎഡ് ബിരുദവും കരസ്ഥമാക്കി. ഇഗ്നോ സർവകലാശാലയിൽനിന്ന് എംഎഡും നേടിയിട്ടുണ്ട്.

ബെംഗളൂരു ധർമ്മാരം കോളേജിൽനിന്നു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിനുശേഷം 1996 ഡിസംബർ 26ന് താമരശ്ശേരി രൂപതയുടെ മുൻ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂർ മോണിങ് സ്റ്റാർ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയർ സെക്കൻഡറി വിഭാഗത്തിലും ഇംഗ്ലീഷ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു.

2008-2014 കാലഘട്ടത്തിൽ സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി രണ്ടുതവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2020 വരെ ഓസ്ട്രേലിയായിലെ ബ്രിസ്ബെൻ ലത്തീൻ അതിരൂപതയിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു. ഈ കാലഘട്ടത്തിൽ ഓസ്ട്രേലിയായിലെ സിറോ മലബാർ സഭാംഗങ്ങൾക്കു ആത്മീയശുശ്രൂഷകൾ നടത്തികൊടുക്കുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറായും ഇടവക ദേവാലയത്തിൽ വികാരിയായും ശുശ്രൂഷ ചെയ്തുവരവേയാണ് പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.