മാണി സാറിന്റെ ഓർമ്മകളുടെ സംഗമഭൂമിയായി തിരുനക്കര: ഒഴുകിയെത്തിയത് ആയിരങ്ങൾ

മാണി സാറിന്റെ ഓർമ്മകളുടെ സംഗമഭൂമിയായി തിരുനക്കര: ഒഴുകിയെത്തിയത് ആയിരങ്ങൾ

കോട്ടയം: ഓർമ്മകളുടെ സംഗമ ഭൂമിയായി തിരുനക്കര മൈതാനം മാറി. കെ.എം. മാണി എന്ന കേരള രാഷ്ട്രീയത്തിലെ അതികായന്റെ സ്മരണകൾ അവിടെ നിറഞ്ഞു. പ്രിയപ്പെട്ട 'മാണി സാറിന്റെ' ഓർമ്മകൾ പരസ്പരം പങ്കു വച്ചു നേതാക്കളും പ്രവർത്തകരും ഈ ദിനം അവിസ്മരണീയമാക്കി.
നാലാം കെ.എം. മാണി 'സ്മൃതി സംഗമം' അക്ഷരാർത്ഥത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ കരുത്തിന്റെയും ഐക്യത്തിന്റെയും വിളംബരമായി മാറി. കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രതിനിധികളും പ്രവർത്തകരും അടക്കം ആയിരങ്ങൾ തിരുനക്കര മൈതാനിയിൽ എത്തി. മുൻ വർഷത്തേക്കാൾ കൂടുതൽ പേരാണ് ഇക്കുറി ചടങ്ങിൽ പങ്കെടുത്തതെന്നു കൺവീനർ റോഷി അഗസ്റ്റിൻ അറിയിച്ചു.

രാവിലെ ഒമ്പതരയോടു കൂടി പാർട്ടി ചെയർമാൻ ജോസ് കെ. മാണി വിളക്ക് കൊളുത്തിയതോടെ സ്മൃതിസംഗമത്തിന് തുടക്കമായി. തുടർന്ന് സ്മൃതി സംഗമം കൺവീനർ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ, ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തിങ്കൽ എന്നിവർ ഛായാ ചിത്രത്തിൽ പുഷ്പം അർപ്പിച്ചു.
സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി. ബിനു തുടങ്ങിയവരും സ്മൃതി സംഗമത്തിന്റെ ഭാഗമായി.

തുടർന്ന് ഉന്നതാധികാരസമിതി, സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി അംഗങ്ങൾ എന്നിവരും പുഷ്പ്പാർച്ചന നടത്തി. ഇതിനുശേഷം 14 ജില്ലകളിൽ നിന്നായി എത്തിയ പ്രതിനിധികളും പ്രവർത്തകരും വരിവരിയായി നിന്ന് പുഷ്പ്പാർച്ചന നടത്തി. മുദ്രാവാക്യം, വിളികളും കൊടിതോരണങ്ങളും ഒഴിവാക്കി തികച്ചും ഭക്തി നിർഭരമായ അന്തരീക്ഷത്തിലായിരുന്നു സ്മൃതി സംഗമം സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.