ദുരിതാശ്വസനിധി വകമാറ്റല്‍ കേസ്; റിവ്യൂ ഹര്‍ജി ഇന്ന് പരിഗണിക്കും

ദുരിതാശ്വസനിധി വകമാറ്റല്‍ കേസ്; റിവ്യൂ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി വകമാറ്റല്‍ കേസില്‍ റിവ്യൂ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 12 ന് ലോകായുക്ത പരിഗണിക്കും. കേസ് മൂന്നംഗ ബെഞ്ചിനു വിട്ടതിനെതിരെയായിരുന്നു റിവ്യൂ ഹര്‍ജി. അതേ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹര്‍ജി മൂന്നംഗ ബെഞ്ചും കേള്‍ക്കും. പുനപരിശോധന ഹര്‍ജിയുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷമായിരിക്കും ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുക.

മുതിര്‍ന്ന അഭിഭാഷകന് ഹാജരാകാന്‍ കഴിയാത്തതിനാല്‍ വാദി ഭാഗം ആവശ്യപ്രകാരമാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
ജഡ്ജിമാരെ അധിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനെ ഇന്നലെ ലോകായുക്തയും ഉപലോകായുക്തയും വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹര്‍ജിക്കാരനായ ആര്‍.എസ് ശശികുമാര്‍ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹര്‍ജിക്കാരന്‍ പെരുമാറുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചിരുന്നു.

ലോകായുക്തയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ നിരാശാജനകമാണെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ് ശശികുമാര്‍ പ്രതികരിച്ചു. ഒരു വര്‍ഷത്തിന് ശേഷം കേസ് നിലനില്‍ക്കുമോ എന്ന് ലോകായുക്ത വീണ്ടും പരിശോധിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യമാണ് താന്‍ റിവ്യൂ ഹര്‍ജിയില്‍ ചൂണ്ടികാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്തയില്‍ വിശ്വാസമുണ്ട്. എന്നാല്‍, ലോകായുക്തയുടെ നടപടികളെയാണ് വിമര്‍ശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.