തായ് വാനെ എങ്ങനെ ആക്രമിക്കണം: സിമുലേഷന്‍ വീഡിയോ പുറത്തുവിട്ട് ചൈന

തായ് വാനെ എങ്ങനെ ആക്രമിക്കണം:  സിമുലേഷന്‍ വീഡിയോ പുറത്തുവിട്ട് ചൈന

ബീജിങ്: തായ് വാന് ചുറ്റും ചൈന നടത്തിയ മൂന്ന് ദിവസത്തെ സൈനികാഭ്യാസം പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ചൈനീസ് പട്ടാളം തായ് വാന്‍ പിടിച്ചെടുക്കേണ്ടി വന്നാല്‍ എങ്ങനെയാണ് ആക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന സിമുലേഷന്‍ വീഡിയോ പുറത്തു വിട്ടു.

ചൈനയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടായ 'വീചാറ്റി'ല്‍ സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കിയ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പ് പിന്നീട് ഗ്ലോബല്‍ ടൈംസ് ട്വിറ്ററില്‍ റീപോസ്റ്റ് ചെയ്തു.

തായ് വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈന തായ് വാന് ചുറ്റും സൈനികാഭ്യാസം നടത്തിയതും ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടതും.

ഏകീകൃതമായ ആക്രമണത്തില്‍ ചൈനീസ് സേന എങ്ങനെ, ഏതെല്ലാം ഭാഗങ്ങളില്‍ നിന്ന് കരയിലും കടലിലും ആകാശത്തുമായി വിമാനങ്ങളില്‍ നിന്നും കപ്പലുകളില്‍ നിന്നും മിസൈലുകള്‍ തൊടുത്തു വിടുമെന്ന് വീഡിയോയില്‍ കാണിക്കുന്നുണ്ട്. തായ് വാനിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ലക്ഷ്യ സ്ഥാനങ്ങളെ കടലില്‍ നിന്നും ആകാശത്ത് നിന്നും കൃത്യതയോടെ ആക്രമിക്കാനുള്ള പരിശീലനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയത്.

ചൈനയുടെ സൈനികാഭ്യാസത്തെ തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍ നിരുത്തരവാദപരമായ നീക്കമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. ചൈനയുടെ പ്രകോപനത്തെ ചെറുത്ത തായ് വാന്‍ സേനയുടെ പ്രൊഫഷണലിസത്തിലും ദൗത്യത്തിലുള്ള ആത്മാര്‍ത്ഥതയിലും പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു. ചൈനയുടെ സൈനികാഭ്യാസം കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി തായ് വാന്‍ സേനയുടെ പോരാട്ടം തുടരുമെന്ന് അവര്‍ പറഞ്ഞു.

അതേസമയം സൈനികാഭ്യാസം കഴിഞ്ഞതായി ചൈന പ്രഖ്യാപിച്ചുവെങ്കിലും കഴിഞ്ഞ ദിവസവും തായ്വാനു ചുറ്റുമുള്ള കടലില്‍ ചൈനീസ് നാവിക കപ്പലുകളും യുദ്ധവിമാനങ്ങളും കണ്ടതായി തായ് വാന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. ഒമ്പത് കപ്പലുകളും 26 യുദ്ധ വിമാനങ്ങളും ചൊവ്വാഴ്ച രാവിലെ തായ്വാന് ചുറ്റും വലം വച്ചുവെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.