വത്തിക്കാൻ സിറ്റി; ലോകം യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുമ്പോഴും ദൈവത്തിന്റെ കരുണ നമ്മെ കൈവിടുന്നില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രതിവാര പൊതുദർശനത്തിന്റെ ഭാഗമായി സന്ദേശം നല്കുകയായിരുന്നു പാപ്പ. പോളിഷ് സംസാരിക്കുന്ന തീർത്ഥാടകരായിരുന്നു കേൾവിക്കാർ.
വരാനിരിക്കുന്ന ദിവ്യകാരുണ്യ ഞായറാഴ്ചയുടെ ആഘോഷത്തെക്കുറിച്ച് മാർപ്പാപ്പ പരാമർശിച്ചു. ലോകം ദൈവത്തിൽ നിന്ന് വ്യതിചലിക്കുന്നതിനാലും യുദ്ധങ്ങളാൽ കൂടുതൽ പരീക്ഷിക്കപ്പെടുന്നതിനാലും, പിതാവിന്റെ കരുണ നമുക്ക് കൂടുതൽ ആവശ്യമാണ്. കർത്താവിന്റെ കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല. അത് എപ്പോഴും നമ്മെ സ്വാഗതം ചെയ്യുകയും അനുഗമിക്കുകയും ചെയ്യുന്നു, ഒരിക്കലും നമ്മെ വിട്ടുപോകില്ലെന്നും മാർപ്പാപ്പ പറഞ്ഞു.
കർത്താവേ, ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ. കർത്താവ് കരുണയുള്ളവനാകുന്നത് ഒരിക്കലും അവസാനിക്കില്ല എന്ന് പ്രാർത്ഥനയും മാർപ്പാപ്പ ചൊല്ലി.
ആണവയുദ്ധത്തിന്റെ ഭീഷണി നിലനിൽക്കുന്ന സമയത്ത് ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ എഴുതിയ 'ഭൂമിയിൽ സമാധാനം' (Pacem in Terris) എന്ന ചാക്രിക ലേഖനത്തെക്കുറിച്ചും മാർപ്പാപ്പ ഓർമ്മിപ്പിച്ചു. ലേഖനത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അതിലെ വാക്കുകൾ ഫ്രാൻസിസ് പാപ്പ അടിവരയിട്ടു പറഞ്ഞു. ആയുധബലം ഉപയോഗിക്കാതെ അന്താരാഷ്ട്ര ബന്ധങ്ങൾ പുതുക്കണമെന്ന് Pacem in Terris എന്ന ചാക്രിക ലേഖനത്തിലെ 114ാം ഖണ്ഡിക ഉദ്ധരിച്ച് മാർപാപ്പ നിർദേശിച്ചു.
വിശ്വാസികളെല്ലാവരും ചാക്രിക ലേഖനം വായിക്കാൻ സമയം കണ്ടെത്തണമെന്നും റഷ്യൻ ആക്രമണം അവസാനിച്ച് ഉക്രെയ്നിലെ കഷ്ടപ്പാടുകൾ മാറി രാജ്യം പൂർവ്വസ്ഥിതിയിലാകാനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26