കുനിയില്‍ ഇരട്ടക്കൊല: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി ഈ മാസം 19 ന്

 കുനിയില്‍ ഇരട്ടക്കൊല: 12 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി ഈ മാസം 19 ന്

മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കേസില്‍ കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 19 ന് വിധിക്കും.

അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കറേയും സഹോദരന്‍ അബ്ദുള്‍ കലാമിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കുനിയില്‍ അങ്ങാടിയില്‍ വെച്ച് സഹോദരങ്ങളെ മുഖം മൂടി ധരിച്ച പ്രതികള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്ന അതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു), സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗുകാര്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്.

ദൃക്‌സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.