സൂറത്ത്: അപകീര്‍ത്തിക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ഏപ്രില്‍ 20 ന് വിധി പറയും.
ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് അപ്പീലിന്‍മേലുള്ള വിധി ഏപ്രില്‍ 20 ന് പ്രസ്താവിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോബിന്‍ പി. മൊഗേര അറിയിച്ചത്.
നിലവിലെ ഉത്തരവ് സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെ വന്നാല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയേറും.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരനായ പൂര്‍ണേഷ് മോഡിക്കു വേണ്ടി ഹാജരായ അഡ്വ. ഹര്‍ഷിത് തോലിയ സമയം ആവശ്യപ്പെട്ടു. ഇതിനെ രാഹുലിന്റെ അഭിഭാഷകന്‍ ആര്‍.എസ്. ചീമ എതിര്‍ത്തു. സ്റ്റേ അനുവദിക്കാന്‍ കഴിയാത്ത വിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്നും സ്റ്റേ നല്‍കാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും ആര്‍.എസ്. ചീമ വാദിച്ചു.
പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോഡി പരാമര്‍ശത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് സൂരത്ത് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്.
ശിക്ഷ ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.