പാലാ : പാലാ രൂപതയിലെ തുരിത്തിപ്പള്ളി ഇടവകാംഗവും ജെസ്യൂട്ട് സഭാംഗവുമായ ഫാദര്‍ ജെയിംസ് കൊട്ടായിലിന്റെ രക്ത സാക്ഷിത്വത്തിന് അമ്പത്തി മൂന്നാമാണ്ട്. കേരളത്തിലെ പ്രഥമ വൈദിക മിഷണറി രക്തസാക്ഷിയായ ഫാ. ജെയിംസ് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നവാഠാട് ഇടവകയില്‍ ശുശ്രൂഷ ചെയ്തു വരവേയാണ് വാടക കൊലയാളികളാല്‍ കൊല ചെയ്യപ്പെട്ടത്. കൊലയാളികള്‍ക്ക് മാപ്പ് നല്‍കിയാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്.
കുറവിലങ്ങാടിനടുത്ത് കാട്ടാമ്പാക്ക് കൊട്ടായില്‍ ചാക്കോയുടേയും കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ മറിയത്തിന്റേയും മകനായി 1915 നവംബര്‍ 15ന് ജനിച്ച ജയിംസ് 1936 ഏപ്രില്‍ 26ന് ജെസ്യൂട്ട് സഭയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1948 നവംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1952 ഓഗസ്റ്റ് 15ന് അവസാന നിത്യവൃത വാഗ്ദാനവും നടത്തി.
1967 ജൂലൈ 13ന് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ നവാഠാട് ഗ്രാമത്തില്‍ വച്ചാണ് ഫാ. ജെയിംസ് കൊട്ടായിലിന് കുത്തേല്‍ക്കുന്നത്. ഒരു പറ്റം വാടക കൊലയാളികളാല്‍ പതിമൂന്ന് പ്രാവശ്യം കുത്തേറ്റ് വീണ് രക്തം ചിന്തി പിടഞ്ഞ അദ്ദേഹത്തെ പത്ത് മൈല്‍ അകലെ മാന്‍ഡറിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്‍കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ജീവന്‍ രക്ഷിക്കാന്‍ ആവത് ശ്രമിച്ചെങ്കിലും ജൂലൈ 16ന് മരണം സംഭവിച്ചു.
ഫാ. ജെയിംസ് കോട്ടായിലിന്റെ ജേഷ്ഠ സഹോദരന്റെ മകന്‍ റിട്ട. എസ്പി തോമസ് ജോര്‍ജ് കോട്ടായില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു: '1967 ജൂലൈ 16നാണ് അങ്കിള്‍ മരിക്കുന്നത്.. അദ്ദേഹവുമായി ഏറെ അടുപ്പമുണ്ടായിരുന്ന എനിക്കത് സഹിക്കാനായില്ല. കൊലയാളികളോട് അന്ന് വല്ലാത്ത പ്രതികാര ദാഹം തോന്നി. എന്നാല്‍ വാടക കൊലയാളികളാല്‍ വധിക്കപ്പെടാനുള്ള സാഹചര്യം ഈശോ ഒരുക്കി കൊടുത്തതാണന്നും അത് വലിയൊരു അനുഗ്രഹമാണന്നും ഇന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറ്റം ചെയ്തവരോടെല്ലാം ക്ഷമിച്ച് പ്രാര്‍ത്ഥിക്കാനുള്ള മനസ് പരിശുദ്ധാത്മാവ് എനിക്ക് തന്നു. മാധ്യസ്ഥത്തിനായി അച്ചനോട് പ്രാര്‍ത്ഥിക്കാറുണ്ട്'.
ആയിരങ്ങളെ ക്രിസ്തുവിനായി നേടുവാന്‍ നാടും വീടും വിട്ട് വടക്കേ ഇന്ത്യയിലെത്തിയ കൊട്ടായിലച്ചന്‍ ജനങ്ങള്‍ക്കു വേണ്ടി ശുശ്രൂഷ ചെയ്ത് അവര്‍ക്ക് എല്ലാമെല്ലാമായിമാറിയിരുന്നു എന്നതിന് തെളിവാണ് സംസ്‌കാര ചടങ്ങിന് ജാതി മത ഭേദമന്യേ പതിനായിരങ്ങള്‍ പങ്കെടുത്തത്. തുരിത്തിപ്പള്ളി ഇടവക ദേവാലയം കഴിഞ്ഞ വര്‍ഷം ശദാബ്ദി ആഘോഷിച്ചപ്പോള്‍ ജെയിംസ് കൊട്ടായില്‍ അച്ചന്റെ സ്മരണാര്‍ത്ഥം കല്‍ക്കുരിശ് സ്ഥാപിച്ചിരുന്നു. ഫാ. ജെയിംസ് കുത്തേറ്റു വീണ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഓര്‍മ്മ ഫലകത്തിനു മുന്നിലും തുരിത്തിപ്പള്ളി ഇടവകയിലെ കല്‍ക്കുരിശിനു മുന്നിലും ധാരാളം പേര്‍ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26