റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവഗുരുതരം; ചികിത്സ നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവഗുരുതരം;  ചികിത്സ നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

മോസ്‌കോ: റഷ്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍. ജയിലില്‍ കഴിയുന്ന അല്ക്സിക്ക് കഠിനമായ വയറുവേദനയും ശാരിരീക അസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ നടപടി സ്വീകരിച്ചു. എന്നാല്‍ ഏത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല.

നവാല്‍നി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുഖേനയാണ് പുറംലോകവുമായി ആശയവിനിമയം നടത്തുന്നത്. ശരീരത്തില്‍ മന്ദഗതിയില്‍ വ്യാപിക്കുന്ന രാസവിഷത്തിന്റെ ഫലമായിരിക്കാം ഇപ്പോള്‍ ഉണ്ടായ അസ്വാസ്ഥ്യമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ ശരീര ഭാരം എട്ട് കിലോ കുറഞ്ഞതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ സൈബീരിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് നവാല്‍നിയുടെ ശരീരത്തില്‍ വിഷപദാര്‍ഥം കലര്‍ന്നത്. അന്ന് വിമാനത്തില്‍ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ജര്‍മനിയിലെ ബെര്‍ലിനില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ശരീരത്തില്‍ രാസപദാര്‍ഥത്തിന്റെ അംശം കണ്ടെത്തി. ഈ സംഭവത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണെന്ന് നവാല്‍നി അന്ന് ആരോപിച്ചു. എന്നാല്‍, പുടിന്‍ ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രസ്താവിച്ചിരുന്നു.

46കാരനായ നവാല്‍നിയെ വഞ്ചന, കോടതിയലക്ഷ്യം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വര്‍ഷങ്ങളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വ്‌ളാഡിമിര്‍ പുടിനെതിരെ ശബ്ദിക്കാതിരിക്കാനാണ് നവാല്‍നിയെ തടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് റഷ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനം ഇതിനോടകം ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.