കോട്ടയം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തളളി കുന്നംകുളം മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളാണെന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഗീവര്‍ഗീസ് മാര്‍ യൂലിയോസ്.
താന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുകയോ ബൂത്തില്‍ പോയിരിക്കുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പുളള സമയത്ത് പളളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അവിടെ പോയിട്ടുണ്ടാകാമെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതിന് പല തലങ്ങളുണ്ട്. അത് അഭിപ്രായം പറയുന്ന വ്യക്തിയുടെ നിലവാരത്തെയും സാഹചര്യത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കും. പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഒരു വ്യക്തിയെ വേട്ടയാടുന്നത് മാന്യതയുളള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അടൂര്‍ കടമ്പനാട് ഭദ്രാസനം ജനറല്‍ സെക്രട്ടറി റെനോ പി രാജന്‍, പ്രവര്‍ത്തകന്‍ ഏബല്‍ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും കേസില്‍ പ്രതി ചേര്‍ത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏബല്‍ ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കരുവാറ്റ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഒസിവൈഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ചര്‍ച്ച് ബില്ല് വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ് മൗനം വെടിയുക, ഈസ്റ്റര്‍ രാത്രിയിലെ പൊലീസ് അതിക്രമത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയുക എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.
ഒസിവൈഎം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ യുവജന സംഘടനയാണ് ഒസിവൈഎം. പത്തനംതിട്ടയിലെ വിവിധ പളളികളുടെ മുറ്റത്തും ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.