ഖാര്‍ത്തൂം: ആഭ്യന്തര കലാപം കൂടുതല്‍ രൂക്ഷമായ സുഡാനില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. മരണം സംഭവിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്ളാറ്റില്‍ നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും മകളുമായി ഫ്ളാറ്റിന്റെ ബേസ്മെന്റില്‍ ഭയന്നു കഴിയുകയാണന്നും സൈബല്ല മൊബൈല്‍ ഫോണ്‍ സന്ദേശത്തില്‍ അറിയിച്ചു.
'ആല്‍ബര്‍ട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയില്‍ തങ്ങിയത്. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെനിന്ന് മാറി ഫ്ളാറ്റിന്റെ ബേസ്മെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്. ഭക്ഷണമില്ല, വെള്ളം മാത്രമാണ് ആശ്രയം. എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമെങ്കില്‍ സഹായിക്കണം' - ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ല അഭ്യര്‍ത്ഥിച്ചു.
അതേസമയം, ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ട്ടിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചു.
സുഡാനിലുള്ള ആല്‍ബര്‍ട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു എന്നാണ് മന്ത്രി പറയുന്നത്. തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി അറിയിച്ചു.
സൈന്യത്തലവന്‍ ജനറല്‍ അബ്ദല്‍ ഫത്താ അല്‍ബുര്‍ഹാനും ആര്‍എസ്എഫ് തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും.
കലാപത്തിനിടെ ശനിയാഴ്ച രാത്രിയാണ് ഫ്ളാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ടിന് വെടിയേറ്റത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കാനഡയിലുള്ള മകനുമായി വീടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയായിരുന്നു ആല്‍ബര്‍ട്ടിന് വെടിയേറ്റത്.
അതിനിടെ സുഡാനില്‍ സൈന്യവും അര്‍ധ സൈന്യവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തിനിടെ മരിച്ച സാധാരണക്കാരുടെ എണ്ണം 56 ആയി. 500 ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ജനങ്ങളോടു വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഗതാഗതം പൂര്‍ണമായി നിലച്ചു. വ്യോമാക്രമണം ശക്തമായ സാഹചര്യത്തില്‍ സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ പല രാജ്യങ്ങളും നിര്‍ത്തിവച്ചു.
റിയാദിലേക്കു പുറപ്പെടാനിരിക്കെ ഖാര്‍ത്തൂം വിമാനത്താവളത്തില്‍ വച്ച് സൗദി വിമാനത്തിന് വെടിയേറ്റെന്ന് സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇതോടെയാണ് ഒട്ടേറെ വിമാന കമ്പനികള്‍ സുഡാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചത്.
അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ (ആര്‍എസ്എഫ്) കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
2021 ലെ അട്ടിമറിക്ക് ശേഷം സൈനിക ജനറല്‍മാരുടെ കൗണ്‍സിലാണ് സുഡാനിലെ ഭരണം നിയന്ത്രിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട രണ്ട് ജനറല്‍മാരുടെ അഭിപ്രായ വ്യത്യാസമാണ് സുഡാനിലെ നിലവിലെ സംഘര്‍ഷത്തിന് ഇടയാക്കിയത്.
സൈന്യത്തലവനും നിലവില്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കുകയും ചെയ്യുന്ന ജനറല്‍ അബ്ദല്‍ ഫത്താ അല്‍ബുര്‍ഹാനും ആര്‍എസ്എഫിന്റെ തലവനും ബുര്‍ഹാന്റെ ഡെപ്യൂട്ടിയുമായ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സുഡാനില്‍ ഉടലെടുത്തിട്ടുളള ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും കലാപത്തിനും കാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.