നവി മുംബൈയില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യാഘാതമേറ്റ് 11 മരണം; 120 പേര്‍ക്ക് പരിക്ക്

നവി മുംബൈയില്‍ മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യാഘാതമേറ്റ് 11 മരണം; 120 പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നലെ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. നവി മുംബൈയിലെ ഖാര്‍ഘറില്‍ നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം.

മേല്‍ക്കൂരയില്ലാത്ത മൈതാനത്ത് ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. പരിപാടിക്കിടെ സൂര്യാഘാതം നേരിട്ട ആളുകളെ ഖാര്‍ഘറിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് പേര്‍ മരണപ്പെടുകയായിരുന്നു.

പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു.

മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായ സാമൂഹിക പ്രവര്‍ത്തകന്‍ ദത്താത്രേയ നാരായണ്‍ എന്ന അപ്പാ സാഹേബ് ധര്‍മ്മാധികാരിയെ അനുമോദിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ധര്‍മ്മാധികാരിക്ക് സമ്മാനിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ മുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ തുടങ്ങിയ പരിപാടി 11.30 ഓടെ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് അവസാനിച്ചത്.

അടുത്ത അഞ്ച് ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.