ഖാര്‍ത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തിനിടെ വെടിയേറ്റു മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെയാണ് ആംബുലന്‍സ് എത്തിച്ച് മൃതദേഹം മാറ്റിയത്.
കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യയെയും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഭര്‍ത്താവിന്റെ മൃതദേഹം മാറ്റാന്‍ സഹായം അഭ്യര്‍ഥിച്ചുള്ള ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല ഓഡിയോ സന്ദേശം ഇന്നലെ പുറത്തു വന്നിരുന്നു.
ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം നീക്കാന്‍ സാധിച്ചിട്ടില്ലെന്നും ഫ്ളാറ്റിന്റെ ബേസ്‌മെന്റില്‍ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നുമായിരുന്നു സൈബല്ല ഓഡിയോ സന്ദേശത്തില്‍ പറഞ്ഞത്. മൃതദേഹം കൊണ്ടുവരാനും തങ്ങള്‍ക്ക് നാട്ടിലെത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര സഹായം ചെയ്യണമെന്നും സൈബല്ല ആവശ്യപ്പെട്ടിരുന്നു.
സൈനികരും അര്‍ധ സൈനികരും തമ്മിലുള്ള കലാപം രൂക്ഷമായ സുഡാനില്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫ്ളാറ്റിനുള്ളില്‍ നിന്ന് മകന് ഫോണ്‍ ചെയ്യുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്.
ഫ്ളാറ്റിന് മുന്നില്‍ ബഹളം കേള്‍ക്കുകയും ഇത് എന്താണെന്ന് നോക്കാനായി ജനലിനരികിലേക്ക് എത്തിയപ്പോഴായിരുന്നു വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഭാര്യയാണ് വിവരം നാട്ടിലേക്ക് വിളിച്ചറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകളും സുഡാനിലെത്തിയത്. ഭര്‍ത്താവിന്റെ അടുത്തു നിന്നും തിരികെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.