വന്ദേഭാരത് രണ്ട് മിനിട്ട് വൈകിയതിന് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; തൊട്ടുപിന്നാലെ നടപടി പിന്‍വലിച്ചു

വന്ദേഭാരത് രണ്ട് മിനിട്ട് വൈകിയതിന് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; തൊട്ടുപിന്നാലെ നടപടി പിന്‍വലിച്ചു

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിട്ട് വൈകിയതിനെത്തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷന്‍ ഓഫീസിലെ പി.എല്‍ കുമാര്‍നെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം പിറവത്ത് വേണാട് എക്സ്പ്രസിന് ആദ്യ സിഗ്‌നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിട്ട് വൈകിയിരുന്നു. ഇതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്തായിരുന്നു. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്സ്പ്രസിന് കടന്നുപോകാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേഭാരത് വൈകിയത്.

ഇന്നലെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഏഴ് മണിക്കൂര്‍ പത്ത് മിനിട്ട് എടുത്താണ്. തിരുവനന്തപുരം-കണ്ണൂര്‍ 501 കിലോമീറ്ററാണ് ദൂരം. ആറു മണിക്കൂറിലെങ്കിലും എത്താനായിരുന്നു ശ്രമം. നിലവില്‍ രാജധാനി 7.57 മണിക്കൂറില്‍ എത്തും. ഉദ്ഘാടനത്തിന് മുമ്പ് ഒരു ട്രയല്‍ റണ്‍ കൂടി വന്ദേഭാരത് നടത്തും.

വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ സമയത്ത് എത്താന്‍ ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ മൂന്നാം ട്രാക്കിന് റെയില്‍വേ നടപടി തുടങ്ങി. ഷൊര്‍ണൂര്‍- മംഗലാപുരം സെക്ഷനില്‍ മാത്രമാണ് നിലവില്‍ 110 കി.മീറ്റര്‍ വേഗം സാധ്യമാകുന്നത്. എറണാകുളം- ഷൊര്‍ണൂര്‍ റൂട്ടില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗം. ഇത് പരിഗണിച്ചാണ് മൂന്നാം ട്രാക്കിന് നടപടി. തുടക്കത്തില്‍ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും നിര്‍ദ്ദിഷ്ട പാതയിലെ വേഗം.

തിരുവനന്തപുരം-കായംകുളം സെക്ഷനില്‍ വേഗത 100 കിലോമീറ്ററാണ്. കായംകുളം-എറണാകുളം 90 ഉം ആണ്. ട്രാക്ക് നിവര്‍ത്തലും മെറ്റല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയര്‍ന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തിയാക്കിയാല്‍ വേഗം കൂട്ടാനാകും. അതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 5.10 നാണ് വന്ദേഭാരത് തിരുവനന്തപുരത്തു നിന്ന് പരീക്ഷണ ഓട്ടം തുടങ്ങിയത്. ഇതേ രീതിയിലുള്ള ടൈംടേബിളാണ് പരിഗണിക്കുന്നത്. വൈകിട്ട് 5.30 ന് ജനശതാബ്ദിക്ക് ശേഷം എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനുള്ളത് രാത്രി 11 നാണ്. ഇത് പരിഗണിച്ചാകും വൈകിട്ടത്തെ സര്‍വീസ് സമയം നിശ്ചയിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.