ക്രിസ്തീയ വിശ്വാസം പിന്തുടര്‍ന്നതിനാല്‍ 14 വര്‍ഷത്തിനിടെ നൈജീരിയയില്‍ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തില്‍പ്പരം വിശ്വാസികള്‍

ക്രിസ്തീയ വിശ്വാസം പിന്തുടര്‍ന്നതിനാല്‍ 14 വര്‍ഷത്തിനിടെ നൈജീരിയയില്‍ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തില്‍പ്പരം വിശ്വാസികള്‍

നൈജീരിയ: ക്രിസ്തീയ വിശ്വാസം പിന്തുടര്‍ന്നതുകൊണ്ടുമാത്രം കഴിഞ്ഞ 14 വര്‍ഷത്തിനിടെ നൈജീരിയയില്‍ അരുംകൊല ചെയ്യപ്പെട്ടത് അരലക്ഷത്തില്‍പ്പരം പേരെന്ന് ഞെട്ടിക്കുന്ന കണക്ക് പുറത്ത്. കൃത്യമായി പറഞ്ഞാല്‍ 52,250 പേരാണ് ദാരുണമായി മരിച്ചത്. കിഴക്കന്‍ നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന 'ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ' (ഇന്റര്‍സൊസൈറ്റി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 'നൈജീരിയയിലെ രക്തസാക്ഷികളായ ക്രിസ്ത്യാനികള്‍' എന്ന പേരിലാണ് കണക്കുകള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

തീവ്ര ഇസ്ലാം നിലപാടുകളുള്ള മുഹമ്മദ് ബുഹാരി നൈജീരിയന്‍ പ്രസിഡന്റായി അധികാരമേറ്റ 2015 മുതല്‍ മാത്രം കൊല്ലപ്പെട്ടത് 30,250 പേരാണ്. ഏകദേശം 34,000 മിതവാദികളായ മുസ്ലീങ്ങളും ഇതേ കാലയളവില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. നൈജീരിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ലക്ഷകണക്കിനാളുകള്‍ പലായനം ചെയ്യപ്പെടുന്നുമുണ്ട്.

2023ലും സ്ഥിതി ഒട്ടും മെച്ചമല്ലെന്നും ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ 1,041 ക്രിസ്ത്യാനികളാണ് അരുംകൊലയ്ക്ക് ഇരയായത്. ഇതേ കാലയളവിനുള്ളില്‍, വൈദികരും സന്യസ്തരും ഉള്‍പ്പെടെ ഏതാണ്ട് 707 ക്രൈസ്തവര്‍ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യന്‍ സ്‌കൂളുകളും നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ക്രൈസ്തവര്‍ക്ക് എതിരെ വര്‍ഷങ്ങള്‍ നീണ്ട ആക്രമണങ്ങള്‍, ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ക്രിസ്തുവിശ്വാസികളാണെന്ന് അവകാശപ്പെടുന്നതിന്റെ പേരില്‍ ഗുരുതര ഭീഷണികള്‍ നേരിടുന്ന 50 ദശലക്ഷത്തില്‍പ്പരം പേരില്‍ 14 ദശലക്ഷം പേര്‍ വേരോടെ പിഴുതെറിയപ്പെടുകയും എട്ട് ദശലക്ഷത്തിലധികം പേര്‍ വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ നൈജീരിയയിലെ അഭയാര്‍ഥി കാമ്പുകളിലേക്ക് ലക്ഷകണക്കിനാളുകള്‍ പലായനം ചെയ്യപ്പെടുന്നുമുണ്ട്.

നൈജീരിയയില്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ക്രൈസ്തവരുടെ എണ്ണം റിലീസ് ഇന്റര്‍നാഷണലിനെ നടുക്കുന്നുവെന്നും അമ്പരപ്പിക്കുന്ന മരണസംഖ്യയെന്നുമാണ് സംഘടനാ വക്താവ് ആന്‍ഡ്രൂ ബോയിഡ് വ്യക്തമാക്കിയത്. തീര്‍ത്തും ഭയാനകമായ സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.