കൊടുംചൂടിൽ വെന്തുരുകി രാജ്യം; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

കൊടുംചൂടിൽ വെന്തുരുകി രാജ്യം; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: രാജ്യത്താകെ വേനൽച്ചൂട് കനക്കുന്നു. ഉഷ്ണതരംഗത്തിനും സൂരാഘാതത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമ്പതു സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പ് കലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതിൽ ഉയർന്ന ചൂട് അനുഭവപ്പെടുക. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കൂടാതെ സിക്കിം, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഹരിയാനയിലും പഞ്ചാബിലും ഇന്നലെ ഉഷ്ണ തരംഗത്തിന് സമാന സാഹചര്യമായിരുന്നു. ഈ സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

പതിവിൽനിന്ന് വിപരീതമായി ചൂടുകൂടിയ വേനലായിരിക്കും ഇത്തവണ ഇന്ത്യയിൽ അനുഭവപ്പെടുക. കഴിഞ്ഞ വർഷമുണ്ടായ ഉഷ്ണതരംഗത്തെത്തുടർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആഗോള ഗോതമ്പ് കയറ്റുമതിയിലടക്കം വലിയ തിരിച്ചടിയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങ് ഭീഷണിയും പലയിടത്തും നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നവി മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 13 പേർ സൂര്യാഘാതത്തേത്തുടർന്നും നിർജലീകരണത്തെത്തുടർന്നും മരണപ്പെട്ടിരുന്നു. 150-ലെറെ പേർ കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ടായിരുന്നു. മുംബൈയിലെ ഖാർഘർ കോർപ്പറേറ്റ് പാർക്കിലെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാനെത്തി സൂര്യതാപമേറ്റ് 12 പേർ മരിച്ചിരുന്നു. 24 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്.

കേരളത്തിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. പല ജില്ലകളിലും സാധാരണയേക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്, കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.