അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. വിധി സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുലിന്റെ ഹര്‍ജി. സൂറത്ത് അഡിഷണല്‍ സെഷന്‍സ് ജഡ്ജി റോബിന്‍ മൊഗേരയാണ് ഉത്തരവ് പറയുന്നത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ല.

വിധി സസ്പെന്‍ഡ് ചെയ്താല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും. ഇല്ലെങ്കില്‍ അയോഗ്യത തുടരും. വിധി എതിരായാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള അടുത്ത പോംവഴി. രാഹുലിന് അനുകൂലമായി വിധി വന്നാല്‍ ഹൈക്കോടതിയില്‍ പോകാനാണ് ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോഡിയുടെ തീരുമാനം.

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ച രണ്ട് വര്‍ഷം തടവുശിക്ഷ അഡിഷണല്‍ സെഷന്‍സ് കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസംഗം മോഡി സമൂഹത്തെയോ ഹര്‍ജിക്കാരനെയോ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് രാഹുലിന്റെ വാദം.

കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന്‍ സൂറത്ത് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നതാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മറ്റൊരു വാദം. ഇത് ഗുജറാത്തിലെ കോടതിയുടെ പരിധിയില്‍ വരില്ലെന്നും രാഹുല്‍ വാദമുന്നയിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമെ പരാതിക്കാരനായ പൂര്‍ണേഷ് മോഡിയുടെ ഭാഗവും കോടതി കേട്ടു. ഇതിന് ശേഷമാണ് കേസില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.