ലണ്ടന്‍: ഈശോയെ ക്രൂശിച്ചതെന്നു വിശ്വാസിക്കപ്പെടുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണച്ചടങ്ങില്‍ ഇടം പിടിക്കും. ഫ്രാന്‍സിസ് പാപ്പയാണ് ഈ അമൂല്യമായ സമ്മാനം ചാള്‍സ് മൂന്നാമന് നല്‍കിയത്. കുരിശില്‍നിന്നെടുത്ത രണ്ട് ചെറിയ കഷണങ്ങള്‍ അടങ്ങിയതാണു തിരുശേഷിപ്പ്. ഇതു മേയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന കിരീടധാരണ ഘോഷയാത്രയ്ക്ക് ഉപയോഗിക്കും. ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഇത് കാണാനും അവസരമുണ്ടാകും.
തിരുശേഷിപ്പിന്റെ രണ്ട് ഭാഗങ്ങളും ചേര്‍ത്തുവച്ചാല്‍ കുരിശിന്റെ രൂപം ലഭിക്കും. അവയിലൊന്നിന് ഒരു സെന്റിമീറ്ററാണു നീളം. രണ്ടാം ഭാഗത്തിന് 5 മില്ലിമീറ്ററും. ചടങ്ങുകള്‍ക്കുശേഷം തിരിച്ചെത്തിയ ശേഷം വെയില്‍സിലെ ആംഗ്ലിക്കന്‍, കത്തോലിക്കാ സഭകള്‍ കുരിശ് പങ്കിടും.
ശതാബ്ദി ആഘോഷിച്ച വെയില്‍സിലെ സഭയ്ക്ക് ബ്രിട്ടീഷ് രാജകുടുംബം 2020-ല്‍ സമ്മാനിച്ച ക്രോസ് ഓഫ് വെയ്ല്‍സിലാണു മാര്‍പാപ്പ നല്‍കുന്ന തിരുശേഷിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വെള്ളിയില്‍ തീര്‍ത്തതാണു ക്രോസ് ഓഫ് വെയ്ല്‍സ്. റോസ് ക്രിസ്റ്റല്‍ ജെംസ്റ്റോണിന്റെ പശ്ചാത്തലത്തിലാണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്.
ചാള്‍സ് മൂന്നാമന്‍ രാജാവ്
കിരീടധാരണ ചടങ്ങിന്റെ ഭാഗമായി ലണ്ടനിലേക്കു കൊണ്ടുപോകുന്ന ക്രോസ് ഓഫ് വെയ്ല്‍സ് നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്നോയിലെ ഹോളി ട്രിനിറ്റി പള്ളിയില്‍ വെയില്‍സ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂ ജോണ്‍ ആശീര്‍വദിക്കും.
യേശുവിന്റെ കുരിശു മരണത്തിനുശേഷം കുരിശ് കാണാതായി. പിന്നീട് എ.ഡി. 326 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലനാ രാജ്ഞിയാണ് കുരിശ് കണ്ടെത്തിയത്. ഈ കുരിശിലാണു യേശുവിനെ തറച്ചതെന്നാണു വിശ്വാസം. ഈ കുരിശിന്റെ ഭാഗങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നു വിവിധ ക്രൈസ്തവ സഭകള്‍ അവകാശപ്പെടാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.