മോഡിയുടെ 'യുവം' പരിപാടിക്ക് ബദലായി കോണ്‍ഗ്രസിന്റെ 'യുവ സംഗമം'; യുവാക്കളുമായി സംവദിക്കാന്‍ രാഹുലെത്തും; പരിപാടി മെയിൽ

മോഡിയുടെ 'യുവം' പരിപാടിക്ക് ബദലായി കോണ്‍ഗ്രസിന്റെ 'യുവ സംഗമം'; യുവാക്കളുമായി സംവദിക്കാന്‍ രാഹുലെത്തും; പരിപാടി മെയിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയില്‍ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിക്ക് ബദലായി കെപിസിസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ 'യുവ സംഗമം' നടത്താന്‍ തീരുമാനം. യുവാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. മെയ് മാസത്തിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിശദീകരിച്ചു. 

തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും സമ്മേളനത്തില്‍ തുറന്നുകാട്ടും. മെയ് ഒമ്പത്, 10 തീയതികളില്‍ ചരല്‍ക്കുന്നില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കും. നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചിന്തന്‍ ശിബിരം ചര്‍ച്ച ചെയ്യും. യുഡിഎഫിലെ എല്ലാ വിഭാഗങ്ങളുമായും ഒന്നിച്ചു പോകാനുള്ള ചര്‍ച്ചകളുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.  

സിപിഎമ്മിനെയും ബിജെപിയെയും വിമര്‍ശിച്ച സുധാകരന്‍ കേരളത്തില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി ചോദ്യം ചെയ്തെങ്കിലും പലകേസുകളിലും പ്രതിയും ആരോപണവിധേയനുമായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടാന്‍ പോലും മോഡിയുടെ അന്വേഷണ ഏജന്‍സികള്‍ തയ്യാറല്ല. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി എത്ര തവണ മാറ്റിവെച്ചുവെന്നത് നോക്കുക. ജയരാജന്റെ വൈദേഹം റിസോര്‍ട്ട് എടുത്തത് ബിജെപിയുടെ കേന്ദ്ര മന്ത്രിയാണ്. 

സിപിഎം നേതാവും ബിജെപി നേതാവും തമ്മില്‍ കച്ചവടം നടത്തുന്നു. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നാണ്. അവരുടെ ഐക്യവും വ്യക്തമാണ്. ഇതെല്ലാം ജനമധ്യത്തില്‍ തുറന്ന് കാണിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപിയും ആര്‍എസ്എസും നടത്തിയ സംഘര്‍ഷങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. മുഴുവന്‍ നഗരങ്ങളിലും ചിത്രസഹിതം ബിജെപിയും സംഘപരിവാറും നടത്തിയ കൂട്ടക്കൊലയും ആക്രമണങ്ങളും പ്രദര്‍ശിപ്പിക്കും. ഇതിനായി സ്‌പെഷ്യല്‍ കമ്മിറ്റി രൂപീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.