ചരിത്രം കുറിച്ച് ഹോങ്കോങ് ബിഷപ്പ് ചൈനയില്‍; 38 വര്‍ഷത്തിനിടെ ആദ്യം

ചരിത്രം കുറിച്ച് ഹോങ്കോങ് ബിഷപ്പ് ചൈനയില്‍; 38 വര്‍ഷത്തിനിടെ ആദ്യം

ബീജിങ്: ചരിത്രം കുറിച്ച് കത്തോലിക്കാ സഭയുടെ ഹോങ്കോങ് ബിഷപ്പ് സ്റ്റീഫന്‍ ചൗവിന്റെ ചൈന സന്ദര്‍ശനം പുരോഗമിക്കുന്നു. 38 വര്‍ഷത്തിനിടെ ആദ്യമായാണ് ഹോങ്കോങ്ങിലെ കത്തോലിക്കാ സഭയുടെ ഒരു മുതിര്‍ന്ന പ്രതിനിധി ചൈന സന്ദര്‍ശിക്കുന്നത്. വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുള്ള ബന്ധം സങ്കീര്‍ണമായി തുടരുമ്പോഴാണ് മാര്‍പ്പാപ്പ നിയമിച്ച ഹോങ്കോങ് ബിഷപ്പിന്റെ ബീജിങ് സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം. അഞ്ചു ദിവസമാണു സന്ദര്‍ശനം.

ചൈനയിലെ കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്റെ തലവനായ, ബീജിങ് ബിഷപ്പ് ജോസഫ് ലീ ഷാനിന്റെ ക്ഷണം അനുസരിച്ചാണ് 63 വയസുകാരനായ ബിഷപ്പ് സ്റ്റീഫന്‍ ചൗ ചൈനിലെത്തിയത്. കഴിഞ്ഞ ദിവസം ബീജിങ് അതിരൂപതയുടെ അമലോദ്ഭവ മാതാവിന്റെ കത്തീഡ്രലില്‍ നടന്ന സായാഹ്ന പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികളോടൊപ്പം ബിഷപ്പും പങ്കെടുത്തു.

ഹോങ്കോങ് ബ്രിട്ടിഷ് കോളനിയായിരുന്ന 1985 ലാണ് അവസാനമായി ഒരു കത്തോലിക്കാ ബിഷപ് ചൈന സന്ദര്‍ശിക്കുന്നത്.

1997-ലാണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്. ചൈനയ്ക്ക് കീഴിലാണെങ്കിലും ഹോങ്കോങ്ങിനായി പ്രത്യേക ഭരണസംവിധാനങ്ങളാണുള്ളത്. ഇവിടെയുള്ള ജനങ്ങള്‍ ആരാധനാ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും അവകാശമായി കരുതുന്നവരുമാണ്. പക്ഷേ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീണ്ട ചരിത്രം ക്രൈസ്തവ മതപീഡനങ്ങളുടേതാണ്.

2020ല്‍ പുതിയ സുരക്ഷാ നിയമം പാസാക്കിയതോടെ, ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിച്ചു.
ഹോങ്കോങ്ങിനുമേല്‍ ചൈനയുടെ അധികാരം പിടിമുറുക്കുന്നതാണ് നിയമം.

ചൈനീസ് ഭരണകൂടവും കത്തോലിക്ക സഭയും തമ്മിലുള്ള ഗുണകരമായ ആശയവിനിമയങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് സന്ദര്‍ശനത്തിന് മുന്നോടിയായി ഹോങ്കോങ് ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ പ്രാദേശിക ബിഷപ്പുമാരുമായും വൈദികരുമായും അല്‍മായരുമായും കൂടിക്കാഴ്ച നടത്താനും ബീജിങ് രൂപത സെമിനാരി, ചൈനയിലെ കത്തോലിക്കാ സഭയുടെ നാഷണല്‍ സെമിനാരി എന്നിവ സന്ദര്‍ശിക്കാനും ബിഷപ്പ് പദ്ധതിയിടുന്നുണ്ട്.

വത്തിക്കാന്റെ അംഗീകാരമില്ലാതെ ഷാങ്ഹായ് രൂപതയുടെ മെത്രാനായി ബിഷപ് ജോസഫ് ഷെന്‍ ബിനിനെ, കമ്മ്യൂണിസ്റ്റ് നിയന്ത്രിത മെത്രാന്‍ സമിതിയായ ചൈനീസ് ബിഷപ്സ് കൗണ്‍സില്‍ നിയമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ബിഷപ് സ്റ്റീഫന്റെ സന്ദര്‍ശനമെന്നതാണ് ഈ യാത്രയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.

പുതിയ മെത്രാന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനയും തമ്മില്‍ 2018 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2020-ലും 2022-ലും പുതുക്കിയതുമായ കരാറിന്റെ ലംഘനമാണ് പുതിയ നിയമനം.

മെയ് 2021 ലാണ് ഫ്രാന്‍സിസ് പാപ്പ ഹോങ്കോങ് ബിഷപ്പായി സ്റ്റീഫന്‍ ചൗവിനെ നിയമിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ സ്ഥാനാരോഹണവും നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.