കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന നിയമനിര്‍മാണത്തിന് അമേരിക്കന്‍ സംസ്ഥാനം
വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യം മേല്‍പട്ടക്കാരോ വൈദീകരോ വെളിപ്പെടുത്തുകയില്ലെന്നും അത്തരം ഒരു നിയമം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കയിലെ കിഴക്കന്‍ വാഷിംഗ്ടണ്‍ ഉള്‍ക്കൊള്ളുന്ന സ്പോക്കെയ്ന്‍ രൂപതയിലെ മെത്രാന്‍ തോമസ് എ.ഡാലി. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ വൈദികര്‍ അതിനും തയാറാണെന്ന് മെത്രാന്‍ തോമസ് എ.ഡാലി വ്യക്തമാക്കി.
വാഷിംഗ്ടണ്‍ സംസ്ഥാനം ഇത്തരത്തില്‍ ഒരു നിയമനിര്‍മാണം ആരംഭിച്ചിരുന്നു. ഇതിന്റെ കരടിലെ ചില പരാമര്‍ശങ്ങളാണ് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. ഇത്തരം ഒരു നിയമനിര്‍മാണം നടപ്പാക്കാനുള്ള നീക്കത്തെക്കുറിച്ചും അക്കാര്യത്തില്‍ രൂപതയുടെ നിലപാടിനെക്കുറിച്ചും രൂപതയിലെ കത്തോലിക്ക വിശ്വാസ സമൂഹത്തിന് വിശദമായ ഇടയലേഖനം ബിഷപ് തോമസ് ഡാലി എഴുതിയിരുന്നു. 'നിങ്ങളുടെ മേല്‍പട്ടക്കാരും വൈദികരും കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ജയിലില്‍ പോകേണ്ടി വന്നാലും അതില്‍ മാറ്റമുണ്ടാവില്ല'.
കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അതിനാല്‍ സ്പോക്കെയ്ന്‍ രൂപതയക്ക് കുമ്പസാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉറച്ച നിലപാടുണ്ട്. ഇക്കാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല. കുമ്പസാര രഹസ്യം ഒരിക്കലും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഏപ്രില്‍ 19 ന് ദേവാലയങ്ങളില്‍ വായിച്ച ഇടയലേഖനത്തില്‍ ബിഷപ് വ്യക്തമാക്കി.
വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അവതരിപ്പിച്ച ബില്ലില്‍ കുമ്പസാര രഹസ്യം അതേപോലെ നിലനില്ക്കുമെന്നായിരുന്നു സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ബില്ലില്‍ കുമ്പസാര രഹസ്യത്തിന് നിയമപരമായ പരിരക്ഷകള്‍ ഇല്ലാതാക്കുന്ന ഒരു ഭേദഗതി കൂടി ഉള്‍പ്പെടുത്തി. കൂടാതെ കുമ്പസാരത്തിനിടെ കേള്‍ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചാല്‍ പുരോഹിതന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന നിലപാടും വന്നു.
എന്നാല്‍ ഈ ഭേദഗതി അംഗീകരിക്കാന്‍ സെനറ്റ് വിസമ്മതിക്കുകയും യഥാര്‍ത്ഥ ബില്‍ സഭയിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ജനപ്രതിനിധിസഭ ഉള്‍പ്പെടുത്തിയ ഭേദഗതിക്കായി നിര്‍ബന്ധിക്കണോ, യഥാര്‍ത്ഥ സെനറ്റ് ബില്ല് തന്നെ അംഗീകരിക്കണമോ എന്ന അഭിപ്രായ ഭിന്നതയിലാണ് വാഷിംഗ്ടണ്‍ സംസ്ഥാനം. മത വിശ്വാസത്തില്‍ അനാവശ്യ നിയന്ത്രണം നടപ്പാക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.