കീവ്: ഉക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കുന്നത് പരിഗണനയിലെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്. ജൂലൈയില്‍ ചേരുന്ന നാറ്റോ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായി തലസ്ഥാനമായ കീവിലെത്തിയതാണ് നാറ്റോ മേധാവി.
ഇന്നലെ കീവിലെത്തിയ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യം സെലന്‍സ്‌കി വിശദീകരിച്ചു. തുടര്‍ന്ന് ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഉക്രെയ്‌ന്റെ നാറ്റോ അംഗത്വത്തെ സ്റ്റോള്‍ട്ടന്‍ബര്‍ഗ് പിന്തുണച്ചത്.
കീവിലെ സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെത്തി യുദ്ധത്തില്‍ മരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഉക്രെയ്‌ന്റെ ഭാവി നാറ്റോയിലാണെന്നും ജൂലൈയില്‍ ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തിന്റെ അജന്‍ഡയില്‍ അംഗത്വം നല്‍കുന്ന കാര്യം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ ഉക്രെയ്‌ന് 150 ബില്ല്യന്‍ യൂറോ സഹായമായി നല്‍കിയിട്ടുണ്ട്. ഇതില്‍ 65 ബില്ല്യന്‍ യൂറോ സൈനിക സഹായമായിരുന്നു. നാറ്റോ സഖ്യരാജ്യങ്ങള്‍ ഉക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
നാറ്റോ മേധാവിയുടെ സന്ദര്‍ശനം ഉക്രെയ്‌നുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം രചിക്കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. നാറ്റോയിലെ ഭൂരിഭാഗം അംഗങ്ങളും ഉക്രെയ്‌നെ സ്വാഗതം ചെയ്യുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയ ബുച്ചയിലും നാറ്റോ സെക്രട്ടറി ജനറല്‍ സന്ദര്‍ശനം നടത്തി.
നാറ്റോ മേധാവിയുടെ സന്ദര്‍ശനത്തില്‍ റഷ്യ വിയോജിപ്പ് രേഖപ്പെടുത്തി. ഉക്രെയ്നെ നാറ്റോയുടെ ഭാഗമാക്കാനുള്ള നീക്കമാണ് യുദ്ധത്തില്‍ കലാശിച്ചതെന്നും ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.