ജീവനക്കാരോട് മോശമായി പെരുമാറി; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവെച്ചു

ജീവനക്കാരോട് മോശമായി പെരുമാറി; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവെച്ചു

ലണ്ടൻ: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു. മന്ത്രിയുടെ പെരുമാറ്റം മോശമാണെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജി. ഋഷി സുനക് സർക്കാരിൽ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഡൊമിനിക് റാബ്. ട്വിറ്ററിലൂടെയാണ് താൻ രാജിവച്ച വിവരം ഡൊമിനിക് റാബ് പുറത്തുവിട്ടത്.

നേരത്തെയും ഡൊമനിക് റാബിൻറെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെൻറ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടയിലാണു രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു സീനിയർ ഉദ്യോഗസ്ഥർ വരെ പരാതി നൽകിയിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഡൊമനിക് റാബ് ഇതെല്ലാം നിഷേധിച്ചു. ഡൊമനിക് റാബിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ആരോപണം ഉയർന്നിരുന്നു.

റാബിൽ പൂർണവിശ്വാസമുണ്ടെന്നും എന്നാൽ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. പ്രഫഷണൽ രീതിയിലാണ് പെരുമാറിയതെന്നും, എന്നാൽ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാൽ രാജിവയ്ക്കുമെന്നും റാബ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.