ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജമ്മു കാശ്മീരിലെ റിലയന്‍സ് ഇന്‍ഷ്വറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ സമന്‍സ് അയച്ചത്. ഈ മാസം 28 ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായുള്ള ഒരു കരാര്‍ മാലിക് റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സത്യപാല്‍ മാലിക്ക് അടുത്തിടെ നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നും സര്‍ക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്ന രീതിയില്‍ ഭീകരാക്രമണത്തെ ഉപയോഗിച്ചുവെന്നുമാണ് സത്യപാല്‍ മാലിക് ആരോപിച്ചത്.
പ്രധാനമന്ത്രിയോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഇക്കാര്യം പുറത്ത് മിണ്ടരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നവെന്നും മാലിക്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
മാലിക്കിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മോഡിക്കുമെതിരെ മുഖ്യ പ്രചരണായുധമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും.
സ്വന്തം പാളയത്തിലെ ഒരു ഉന്നത നേതാവ് തന്നെ ഗുരുതരമായ ആരോപണം ഉയര്‍ത്തിയതോടെ ബിജെപി പ്രതിരോധത്തിലാണ്. പക്ഷേ വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.