സിഡ്‌നിയില്‍ വെള്ളത്തിനടിയിലൂടെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി

സിഡ്‌നിയില്‍ വെള്ളത്തിനടിയിലൂടെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്നി ഹാര്‍ബറില്‍ വെള്ളത്തിനടിയിലൂടെ പരീക്ഷണ ഓട്ടം നടത്തി ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ട്രെയിന്‍. നഗരത്തിന്റെ മെട്രോ സര്‍വീസ് ചരിത്രത്തിലെ സുപ്രധാന നേട്ടമായാണിത് വിശേഷിക്കപ്പെടുന്നത്. സിഡ്‌നി തുറമുഖത്തെ പാലത്തിന് മുകളിലൂടെ ആദ്യത്തെ ലോക്കോമോട്ടീവ് ട്രെയിന്‍ കടന്നുപോയി ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെള്ളത്തിനടിയിലൂടെയുള്ള യാത്ര യാഥാര്‍ത്ഥ്യമാകുന്നത്. ആധുനിക സിഗ്‌നല്‍ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് നടത്തിയത്.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 40 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ടല്ലവോങ്ങില്‍ നിന്ന് ആരംഭിച്ച് ചാറ്റ്സ്വുഡ്, നോര്‍ത്ത് സിഡ്നി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. 2024-ല്‍ യാത്രക്കാരുമായി ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. പരീക്ഷണ ഓട്ടം വിലയിരുത്താനായി ഗതാഗത ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും സന്നിഹിതരായിരുന്നു. പരീക്ഷണ ഓട്ടം സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത മന്ത്രി ജോ ഹെയ്ലന്‍ പറഞ്ഞു.

ചാറ്റ്സ്വുഡില്‍ നിന്ന് ഡ്രൈവറില്ലാ ട്രെയിനില്‍ കയറിയ സിഡ്നി മെട്രോ പ്രൊജക്റ്റ് ഓഫീസര്‍ ഹ്യൂ ലോസണ്‍ തൃപ്തി രേഖപ്പെടുത്തി.

സിഡ്നി മെട്രോ വിപുലീകരണത്തിന്റെ ഭാഗമാണ് വെള്ളത്തിനടിയിലൂടെയുള്ള ഇരട്ട തുരങ്കങ്ങള്‍ നിര്‍മിച്ചത്. ബ്ലൂസ് പോയിന്റില്‍ നിന്ന് ബാരംഗറൂ വരെയാണ് തുരങ്കങ്ങളുള്ളത്. തിരക്കേറിയ സമയങ്ങളില്‍ ഓരോ നാല് മിനിറ്റിലും ട്രെയിനുകള്‍ പുറപ്പെടുകയും ഭാവിയില്‍ കൂടുതല്‍ ശേഷി പ്രതീക്ഷിക്കുകയും ചെയ്യുന്ന വിധത്തിലാണ് മെട്രോ ലൈനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രാരംഭ പരീക്ഷണത്തില്‍ ട്രെയിന്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിച്ച് 110 കിലോമീറ്റര്‍ വരെ കൈവരിച്ചു. 2019-ല്‍ തുറന്ന നോര്‍ത്ത് വെസ്റ്റ് ലൈനിന് ശേഷം സിഡ്നി മെട്രോയുടെ രണ്ടാം ഘട്ടമാണ് മെട്രോ സിറ്റിയും സൗത്ത് വെസ്റ്റ് പ്രോജക്ടും. കോടിക്കണക്കിന് രൂപയാണ് സിഡ്നി മെട്രോ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

സിഡ്നി മെട്രോ പദ്ധതിയില്‍ ഉള്‍പെടുത്തി ക്രോസ് നെസ്റ്റ്, വിക്ടോറിയ ക്രോസ്, ബാരംഗറൂ, മാര്‍ട്ടിന്‍ പ്ലേസ്, പിറ്റ് സ്ട്രീറ്റ്, വാട്ടര്‍ലൂ എന്നിവിടങ്ങളില്‍ ആറ് പുതിയ റെയില്‍വേ സ്റ്റേഷനുകളും നിര്‍മ്മിച്ചിട്ടുണ്ട്.

63 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന സിഡ്നിയിലെ മെട്രോ ശൃംഖല ലോകത്തിലെ ഏറ്റവും വലിയ സബര്‍ബന്‍ റെയില്‍ പദ്ധതികളിലൊന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.