ടൊറന്റോ: സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും അടങ്ങിയ അഞ്ച് ചതുരശ്ര അടി വലിപ്പമുള്ള കണ്ടെയ്നർ വിമാനത്താവളത്തിൽ നിന്ന് കാണാതായി. കാനഡയിലെ ടൊറന്റോയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സിസിടിവി പരിശോധിച്ചെങ്കിലും കണ്ടെയ്നറിന്റെ ദൃശ്യങ്ങൾ വ്യക്തമല്ല.
ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് കണ്ടെയ്നർ കാണാതായത്. 14.8 മില്യൻ യുഎസ് ഡോളർ (121.4 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഈ എയർക്രാഫ്റ്റ് കണ്ടെയ്നർ തിങ്കളാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിലെത്തിയത്. പതിവുപോലെ വിമാനത്തിൽനിന്ന് ഇറക്കി കാർഗോ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്കു കണ്ടെയ്നർ മാറ്റി. ഇവിടെ വച്ചാണ് കൊള്ള നടന്നതെന്ന് പൊലീസ് പറയുന്നു. കണ്ടെയ്നറിൽ സ്വർണം മാത്രമല്ലെന്നും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ഉണ്ടെന്നുമാണ് കാനേഡിയൻ പൊലീസ് അറിയിച്ചത്.
ഒന്റാറിയോ പ്രവിശ്യയിലെ സ്വർണ ഖനികളികളിൽനിന്ന് കുഴിച്ചെടുക്കുന്ന സ്വർണം സ്ഥിരമായി ടൊറന്റോ പിയേഴ്സൺ വിമാനത്താവളം വഴിയാണ് കയറ്റിയയയ്ക്കുന്നത്. രാജ്യത്തിന്റെ എയർ കാർഗോയുടെ പകുതിയോളം കൈകാര്യം ചെയ്യുന്നത് ഇവിടെനിന്നാണ്. അതേസമയം, സ്വർണം എവിടെപ്പോയെന്നോ ആരാണ് ഉത്തരവാദികളെന്നോ കാനഡയിൽത്തന്നെ സ്വർണം ഇപ്പോഴുമുണ്ടോയെന്നോ പൊലീസിന് അറിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർക്രാഫ്റ്റ് കണ്ടെയ്നറിന് അഞ്ച് ചതുരശ്രയടിയോളം വലുപ്പമുണ്ട്.
അതേസമയം ഏത് വിമാനക്കമ്പനിയാണ് കാർഗോ കൊണ്ടുപോകാൻ ഏറ്റിരുന്നതെന്നോ എവിടെനിന്നാണ് അതു വന്നതെന്നോ എങ്ങോട്ടു കൊണ്ടുപോകാനാണ് ഇരുന്നതെന്നോ ഉള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.