തൃശ്ശൂർ: ജറുസലേം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന നാലാമത് ഫിയാത്ത് മിഷൻ കോൺഗ്രസിന്റെ മൂന്നാം ദിനം മെഗാ മിഷൻ ഡേ ആയി ആചരിച്ചു. ജറുസലേം മിഷൻ സമൂഹമാകെ ഒത്തു ചേർന്ന മെഗാ മിഷൻ സംഗമത്തിൽ ഷംഷാബാദ് മെത്രാൻ മാർ റാഫേൽ തട്ടിൽ സന്ദേശം നൽകി. എന്റെ സഹോദരന് വെളിച്ചം കിട്ടാൻ വേണ്ടി അവന്റെ മുമ്പിൽ വിളക്ക് വെക്കുന്നതാണ് മിഷൻ പ്രവർത്തനം. കർത്താവിനെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ഞാനും നിങ്ങളും ഉപാധികളാകണം, ഉപകരണങ്ങളാകണം എന്ന് തട്ടിൽ പിതാവ് വിശ്വസികളെ ഓർമിപ്പിച്ചു. മിഷൻ കോൺഗ്രസിൽ ഓരോ ദിവസവും നടക്കുന്ന മിഷൻ ധ്യാനം, വൈദികധ്യാനം, ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, കൾച്ചറൽ പ്രോഗ്രാം എന്നിവയും നടന്നു.
വൈകീട്ട് 6 ന് കൊച്ചിയിലെ ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പ് മാഗ്നിഫിക്കത്ത് ബാൻഡ് ഒരുക്കിയ മ്യൂസിക്കൽ ജാഗരണ പ്രാർത്ഥന ഭക്തി സാന്ദ്രമായ അനുഭവമായി മാറി. മ്യൂസിക്കൽ പരിപാടിയിൽ മിഷനിൽ സ്തുത്യർഹമായ സേവനം ചെയ്ത 6 വ്യക്തികളെ ആദരിച്ചു. ഫാ. ജോസ് കല്ലേലി CMI, ഫാ. ധീരജ് സാബു IMS സാന്ദന, സെബാസ്റ്റ്യൻ തോമസ് കുഴിപ്പള്ളിൽ, ഫാ. തോമസ് ചേറ്റാനിയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, സിസ്റ്റർ ആനി ജോസഫ് CHF എന്നിവർ മിഷൻ അവാർഡുകൾ ഏറ്റു വാങ്ങി.
നാളെ ഏപ്രിൽ 22 ശനി മതബോധന വിദ്യാർത്ഥികൾ, അധ്യാപകർ, യുവതിയുവാക്കൾ എന്നിവർക്കായി മിഷൻ കൂട്ടായ്മകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വൈകീട്ട് 5 ന് ഒറീസയിലെ പ്രമുഖരായ ഉത്കൽ വാണി സംഗീത സംഘത്തിൻറെ മാസ്മരിക പ്രകടനവും ഒരുക്കിയിട്ടുണ്ട്.
70 ഓളം മിഷൻ എക്സിബിഷൻ സ്റ്റാളുകൾ, ബൈബിൾ എക്സ്പോ, 156 വിശുദ്ധരുടെ തിരുശേഷിപ്പുകൾ എന്നിവ എല്ലാ ദിവസവും കാണാനുള്ള അവസരവുമുണ്ട്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് GGM മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26