33 ലക്ഷം അവിശ്വസനീയം'; എഐ ക്യാമറ, നോട്ടില്‍ ചിപ്പുണ്ടെന്ന കെട്ടുകഥപോലെ; വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് സതീശന്‍

33 ലക്ഷം അവിശ്വസനീയം'; എഐ ക്യാമറ, നോട്ടില്‍ ചിപ്പുണ്ടെന്ന കെട്ടുകഥപോലെ; വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറയുടെ മേന്‍മകള്‍ 2000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ച കെട്ടുകഥകള്‍ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് സര്‍ക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നത്. ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണ്. ക്യാമറകളുടെ യഥാര്‍ത്ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും ഉള്‍പ്പെടെ വിശദമായ കണക്ക് പുറത്ത് വിടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

പൊതുഖജനാവില്‍ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമയി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ ക്യാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ക്യാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വയ്‌ക്കേണ്ടതുണ്ട്. അതിനുള്ള സെര്‍വര്‍ പ്രൊവൈഡര്‍ ആരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കെല്‍ട്രോണിന് നല്‍കിയ കരാര്‍ മറ്റാര്‍ക്കെങ്കിലും മറിച്ചു നല്‍കിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പറയണം. ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. എഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.