ലാവലിന്‍ കേസ് നാളെ സുപ്രീംകോടതിയില്‍: സുഖമില്ലാത്തതിനാല്‍ കേസ് മാറ്റണമെന്ന് എതിര്‍ഭാഗം വക്കീല്‍; സിബിഐ അഭിഭാഷകനും ഹാജരായേക്കില്ല

ലാവലിന്‍ കേസ് നാളെ സുപ്രീംകോടതിയില്‍: സുഖമില്ലാത്തതിനാല്‍ കേസ് മാറ്റണമെന്ന് എതിര്‍ഭാഗം വക്കീല്‍; സിബിഐ അഭിഭാഷകനും ഹാജരായേക്കില്ല

ന്യൂഡല്‍ഹി: മുപ്പതിലേറെത്തവണ മാറ്റിവെക്കപ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പലതവണ മാറ്റിവെക്കപ്പെട്ട കേസ് അഞ്ച് മാസത്തിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്.

ഇതിന് മുമ്പ് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ ജസ്റ്റിസ് യു.യു. ലളിത് വിരമിച്ചതിനാലാണ് പുതിയ ബെഞ്ചിലെത്തിയത്. തനിക്ക് സുഖമില്ലാത്തതിനാല്‍ തിങ്കളാഴ്ച കേസ് പരിഗണിക്കരുതെന്ന് കാട്ടി അഭിഭാഷകരിലൊരാള്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമോ എന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്.

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാര്‍ മേത്ത തിങ്കളാഴ്ച്ച ഹാജരാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ ലാവലിന്‍ ഹര്‍ജികളില്‍ സിബിഐയ്ക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകാന്‍ സാധ്യത വിരളമാണ്. കേസില്‍ സിബിഐയ്ക്ക് വേണ്ടി നേരത്തെ ഹാജരായിരുന്നത് തുഷാര്‍ മേത്തയും, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജുമായിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് 2017 മുതല്‍ സുപ്രീം കോടതിയിലുണ്ട്.

കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹര്‍ജിയും സുപ്രീം കോടതിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.