വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം; മെയ് ഒന്ന് വരെയുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് തീര്‍ന്നു

വന്ദേഭാരത് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം; മെയ് ഒന്ന് വരെയുള്ള എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് തീര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഇന്നലെ രാവിലെ എട്ടിന് ടിക്കറ്റ് വിൽപന ആരംഭിച്ച് വൈകാതെ തന്നെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റ് വെയ്റ്റ്ലിസ്റ്റായി. മെയ് ഒന്ന് വരെയുള്ള സർവീസുകളിൽ എക്സിക്യൂട്ടീവ് ക്ലാസിൽ ടിക്കറ്റ് തീർന്നതോടെ പൂർണമായും വെയിറ്റിം​ഗ് ലിസ്റ്റിലായി. ചെയർ കാർ ടിക്കറ്റുകൾക്കും നല്ല ഡിമാൻഡുണ്ട്. 1024 ചെയർകാർ സീറ്റുകളും 104 എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണു ട്രെയിനിലുള്ളത്. മെയ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ 200 മുതൽ 300 സീറ്റുകൾ മാത്രമാണ് ചെയർകാറിൽ ബാക്കിയുള്ളത്.

ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1590 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 2880 രൂപയുമാണ് നിരക്ക്. തിരികെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയർകാറിൽ 1520, എക്സിക്യൂട്ടീവ് ക്ലാസിൽ 2815 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തു ഭക്ഷണം വേണ്ടെന്ന് വയ്ക്കാനും അവസരമുണ്ട്. ടിക്കറ്റ് നിരക്കും ഇതിന് ആനുപാതികമായി കുറയും.

രാവിലെ കാസർകോട്ടേക്കുള്ള യാത്രയിൽ ചായ/കോഫി, ബിസ്കറ്റ്, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവയാണുണ്ടാവുക. മൂന്ന് ഭക്ഷണം ഉൾപ്പെടുന്നതാണ് ടിക്കറ്റ് നിരക്കു കൂടാൻ കാരണം. മടക്കയാത്രയിൽ ഈവനിങ് ഹൈ ടീ, ഡിന്നർ എന്നിവ മാത്രമേയുള്ളൂ എന്നതാണ് നിരക്ക് കുറയാൻ കാരണം. ഭക്ഷണം വേണ്ടെങ്കിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്കും തിരിച്ചും നിരക്കുകൾ തുല്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.