വളരണം പുതു മാധ്യമ സംസ്‌കാരം; ഓര്‍മപ്പെടുത്തലായി സീന്യൂസ് ലൈവ് വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു

വളരണം പുതു മാധ്യമ സംസ്‌കാരം; ഓര്‍മപ്പെടുത്തലായി  സീന്യൂസ് ലൈവ് വാര്‍ഷികാഘോഷം കൊച്ചിയില്‍ നടന്നു

സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികാഘോഷവും അവാര്‍ഡ് നൈറ്റും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ശ്രീകുമാരന്‍ തമ്പി, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ഭദ്രന്‍ മാട്ടേല്‍, ദയാബായി, ലിസി കെ. ഫെര്‍ണാണ്ടസ്, ജോ കാവാലം, സോണി മനോജ് എന്നിവര്‍ സമീപം.

കൊച്ചി: മറ്റുള്ളവരെ കല്ലെറിയുന്നതാണ് മാധ്യമപ്രവര്‍ത്തനമെന്നു കരുതുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. കൊച്ചിയില്‍ സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികാഘോഷവും അവാര്‍ഡ് നൈറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

വിവാദങ്ങളും അപവാദങ്ങളും അരങ്ങു തകര്‍ക്കുകയാണ്. ആ വിവാദങ്ങള്‍ എത്തിപ്പെടുന്നത് ഒരു വ്യക്തിയുടെ കുടുംബാംഗങ്ങളിലേക്കും സുഹൃത്തുക്കളിലേക്കുമാണെന്നും അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് ചിന്തിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിന്റെ കൂരമ്പുകളേറ്റു പിടഞ്ഞുവീഴുന്നത് ഒരാളാണോ ഒട്ടേറെപ്പേരാണോ എന്നു ചിന്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും അഡ്വ. ശ്രീധരന്‍ പിള്ള ഓര്‍മിപ്പിച്ചു.

ചെറുപ്പത്തില്‍ ചെങ്ങന്നൂരില്‍ നിന്ന് കോട്ടയം വരെ യാത്ര ചെയ്ത് തന്റെ ആശയത്തെ എതിര്‍ക്കുന്നവരുടെ പ്രസംഗം കേള്‍ക്കുമായിരുന്നു. ലോകം എവിടെ നില്‍ക്കുന്നു എന്ന സ്റ്റഡി ക്ലാസുകളായിരുന്നു ആ പ്രസംഗങ്ങള്‍. എന്നാല്‍ ഇന്ന് രാഷ്ട്രീയ പ്രസംഗ വേദികളില്‍ കൈയടി കിട്ടണമെങ്കില്‍ എതിരാളിയുടെ കുടുംബാംഗങ്ങളെ പോലും അപമാനിക്കുന്ന രീതി അവലംബിക്കേണ്ടതായി വരുന്നു. അപമാനിക്കുന്നവര്‍ക്ക് കൈയടി ലഭിക്കുന്ന നിലയിലാണ് ഇന്നത്തെ രാഷ്ട്രീയ പ്രസംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.


സീന്യൂസ് ലൈവ് രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്

മാധ്യമ പ്രവര്‍ത്തനം ഏറെ സങ്കീര്‍ണമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാനും തലശേരി ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാം ഏറ്റെടുക്കുകയും നിര്‍ദേശിക്കുകയും കല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. മാധ്യമ രംഗം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അടിയറ വെയ്ക്കപ്പെടുന്നു.

സത്യാനന്തര കാലഘട്ടം എന്നു വിശേഷക്കപ്പെടുന്ന കാലത്ത് എന്താണ് സത്യം എന്ന പീലാത്തോസിന്റെ ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുമ്പോള്‍ സത്യത്തിനുവേണ്ടി സംസാരിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും എന്നു കാണിച്ചുതരാനാണ് സീന്യൂസ്ലൈവ് ആരംഭിച്ചത്. പ്രവാസി മലയാളികളാണ് ഇതിനായി മുന്‍കൈ എടുത്തത്. സത്യം മാത്രമേ പറയൂ, അസത്യം പ്രചരിപ്പിക്കുകയില്ല എന്ന നിര്‍ബന്ധ ബുദ്ധി കഴിഞ്ഞ രണ്ടു വര്‍ഷമായി സീന്യൂസ് ലൈവ് വിജയകരമായി നടപ്പാക്കിയതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

കൊച്ചി പാടിവട്ടത്തെ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍, കേരളത്തിലെ പൊതുരംഗത്തും മാധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച നാലു ശ്രേഷ്ഠ വ്യക്തികളെ പ്രത്യേകമായി ആദരിച്ചു. ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സിനിമാ സംവിധായകന്‍), ആര്‍. ശ്രീകണ്ഠന്‍ നായര്‍ (മാനേജിങ് ഡയറക്ടര്‍ ഫ്‌ളവേഴ്‌സ് ടി വി & 24 ന്യൂസ്), ഭദ്രന്‍ മാട്ടേല്‍ (സിനിമാ സംവിധായകന്‍), ദയാബായി (സാമൂഹിക പ്രവര്‍ത്തക) എന്നിവര്‍ക്ക് സമഗ്ര സംഭാവനകള്‍ക്കുള്ള സീന്യൂസ് ലൈവിന്റെ അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു.

കേരള വിഷന്‍ ചെയര്‍മാന്‍ പ്രവീണ്‍ മോഹന്‍, സീന്യൂസ് ലൈവ് ചെയര്‍മാന്‍ വര്‍ഗീസ് തോമസ്, സി.ഇ.ഒ ലിസി കെ. ഫെര്‍ണാണ്ടസ്, ചീഫ് എഡിറ്റര്‍ ജോ കാവാലം എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വടക്കേകര സംഗീത സംവിധായകന്‍ ബേണിക്ക് നല്‍കി നിര്‍വഹിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച് ജോണി ആന്റണി (മലയാള സിനിമ), പി.യു തോമസ് (കാരുണ്യ പ്രവര്‍ത്തനം), കുര്യാച്ചന്‍ തെരുവന്‍കുന്നേല്‍ (കൃഷി), ബേബി ജോണ്‍ കലയന്താനി (ഭക്തി ഗാനം), ബിനോയ് സെബാസ്റ്റ്യന്‍ (പ്രൊഫഷണല്‍), മാസ്റ്റര്‍ പീറ്റര്‍ ടൈറ്റസ് (പ്രത്യേക സിനിമ), ജിന്റോ ജോണ്‍ (സാങ്കേതികം) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി. തുടര്‍ന്ന് പിന്നണി ഗായകരായ സുദീപ് കുമാര്‍, ചിത്രാ അരുണ്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നും ക്ലാസിക്കല്‍ നര്‍ത്തകി സോഫിയ സുദീപ് അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.

ജാതി മത കക്ഷി രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ സത്യത്തിന്റെ പക്ഷത്തു നിന്ന് വാര്‍ത്തകളെ അപഗ്രഥിക്കാനും ജനങ്ങളിലെത്തിക്കാനും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് സീന്യൂസ് ലൈവ്. മതനിരപേക്ഷ ചൈതന്യം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ നന്മയുടെ സന്ദേശ വാഹകരാകാന്‍ ശ്രമിക്കുന്ന വാര്‍ത്താ മാധ്യമമായ സീന്യൂസിന് രണ്ടു വര്‍ഷത്തിനുളളില്‍ ഇന്ത്യയിലും അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യു.കെ, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയടക്കം 102 രാജ്യങ്ങളിലും വായനക്കാരുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.