ബിജെപി കേരളം പിടിക്കും; ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടത് കേരളത്തിലും ആവര്‍ത്തിക്കും: നരേന്ദ്ര മോഡി

ബിജെപി കേരളം പിടിക്കും; ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടത് കേരളത്തിലും ആവര്‍ത്തിക്കും: നരേന്ദ്ര മോഡി

കൊച്ചി: ബിജെപി കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടത് കേരളത്തിലും ആവര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു. അതിനായി ഒരുമിച്ച് കൈ കോര്‍ക്കാന്‍ അദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.

കൊച്ചിയില്‍ 'യുവം 2023' വേദിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ലോക യുവ ശക്തിയായി മാറിയെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ലോകത്തെ മാറ്റി മറിയ്ക്കും. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളികളായ ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ യുവതീ യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍.

യുവതീ യുവാക്കളുടെ കരുത്ത് ഒപ്പം ചേരുമ്പോഴാണ് ഏതൊരു ദൗത്യവും വിജയിക്കുന്നത്. ഇവിടെ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. രാജ്യവും സേക്രട്ട് ഹാര്‍ട്ട് കോളജും 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും നരേന്ദ്ര മോഡി പറഞ്ഞു.

ബിജെപിയും യുവാക്കളും ഒരേ കാഴ്ചപ്പാട് പങ്കിടുന്നവരാണ്. സര്‍ക്കാര്‍ യുവാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കാനാണ് ബിജെപി പരിശ്രമിക്കുന്നത്.

മുന്‍ സര്‍ക്കാരുകള്‍ അഴിമിതിയാലാണ് അറിയപ്പെട്ടത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഓരോ മേഖലയിലും യുവാക്കള്‍ക്കാണ് അവസരം ഒരുക്കുന്നത്. സ്വയം പര്യപ്തതയിലൂടെ അവസരങ്ങള്‍ നല്‍കുന്നു. പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.

എല്ലാ മേഖലകളിലും യുവാക്കള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ബിജെപി ആവിഷ്‌കരിച്ച ആത്മനിര്‍ഭര്‍ ഭാരത് യുവാക്കള്‍ക്ക് ധാരാളം അവസരം നല്‍കുന്നു. ബഹിരാകാശ, പ്രതിരോധ, മേഖലകളിലെല്ലാം നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. ഹൈവേ, റെയില്‍വേ, ജല, വ്യോമ ഗതാഗത മേഖലകളിലെല്ലാം പുതിയ അവസരങ്ങള്‍ ഒരുക്കുന്നു.

കേരളത്തിന്റെ സമ്പദ് ഘടനയില്‍ തീരദേശത്തിന് വളരെ പ്രാധാന്യമുണ്ട്. മത്സ്യ മേഖലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മത്സ്യ ബന്ധന മേഖലയ്ക്ക് വേണ്ടി ഫഷറീസ് വകുപ്പ് തന്നെ ഉണ്ടാക്കിയത് ബിജെപി സര്‍ക്കാരാണ്.

കേന്ദ്ര സേനകളിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ആയി മാറ്റിയിട്ടുണ്ട്. ഇനി മുതല്‍ കേരളത്തിലടക്കമുള്ള യുവാക്കള്‍ക്ക് ആ പരീക്ഷക്ക് എളുപ്പം തയ്യാറെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.