എഐ ക്യാമറ: കരാറുകാര്‍ക്കും ഉപകരാറുകാര്‍ക്കും കമ്മീഷന്‍ കിട്ടിയത് 75.42 കോടി; അഞ്ച് വര്‍ഷംകൊണ്ട് 424 കോടി പിഴയായി പിരിച്ചെടുക്കും

എഐ ക്യാമറ: കരാറുകാര്‍ക്കും ഉപകരാറുകാര്‍ക്കും കമ്മീഷന്‍ കിട്ടിയത് 75.42 കോടി; അഞ്ച് വര്‍ഷംകൊണ്ട് 424 കോടി പിഴയായി പിരിച്ചെടുക്കും

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ നിര്‍മിതബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ കമ്മീഷനായി മാത്രം പോയത് 75.42 കോടി. ഇതില്‍ പദ്ധതി നടത്തിപ്പുകാരായ കെല്‍ട്രോണിന് മാത്രം 66.35 കോടിയും ഉപകരാര്‍ ഏറ്റെടുത്ത എസ്‌ഐആര്‍ടിക്ക് 9.07 കോടിയുമാണ് കമ്മീഷന്‍ കിട്ടിയത്. ബിഒടി (ബില്‍ഡ് ഓപ്പറേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍) മാതൃകയില്‍ നടപ്പാക്കിയ പദ്ധതി വഴി അഞ്ച് വര്‍ഷംകൊണ്ട് 424 കോടി രൂപ ജനങ്ങളില്‍ നിന്ന് പിഴയായി പിരിച്ചു തരുമെന്ന ഉറപ്പും കെല്‍ട്രോണ്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്.

165.23 കോടിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ജില്ലകളില്‍ കണ്‍ട്രോള്‍ റൂം ഒരുക്കുന്നതിനും പിന്നീട് വരുന്ന അറ്റകുറ്റപ്പണികള്‍ക്കുമായി കെല്‍ട്രോണ്‍ കണക്കാക്കിയിട്ടുള്ളത്. ഇതു നോക്കിനടത്തുന്നതിന് കെല്‍ട്രോണിനുള്ള കമ്മിഷനാണ് 66.35 കോടി. എന്നാല്‍ കരാര്‍ കെല്‍ട്രോണ്‍ 151.22 കോടിക്ക് എസ്‌ഐആര്‍ടി എന്ന കമ്പനിക്ക് മറിച്ചുനല്‍കി. കെല്‍ട്രോണിനെ ഏല്പിച്ച എല്ലാ ചുമതലകളും എസ്‌ഐആര്‍ടിക്ക് നല്‍കിയാണ് ഉപകരാര്‍. ഉപകരാറിലൂടെ 15 കോടി കെല്‍ട്രോണ്‍ കൈക്കലാക്കി.

എസ്‌ഐആര്‍ടിയാകട്ടെ കരാര്‍ ലൈറ്റ് മാസ്റ്റര്‍ ലൈറ്റിങ് ഇന്ത്യ, പ്രെസാഡിയോ ടെക്നോളജി എന്നീ കമ്പനികള്‍ക്ക് മറിച്ച് നല്‍കി. 9.07 കോടി രൂപ ഇതിലൂടെ എസ്ആര്‍ഐടിക്കും കമ്മീഷന്‍ കിട്ടി. ഉപകരാര്‍ മറിച്ചുകൊടുക്കുന്നതിനപ്പുറം എസ്ആര്‍ഐടിക്ക് പ്രത്യേകം ഒരു ജോലിയും ഈ പദ്ധതിയിലില്ല. കെല്‍ട്രോണിനുവേണ്ടി ഇടനിലനിന്ന ഒരു കമ്പനി മാത്രമാണ് എസ്ആര്‍ഐടി. കരാര്‍ നല്‍കുമ്പോള്‍ ആറുകോടിരൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണമെന്ന നിബന്ധന എസ്ആര്‍ഐടിക്ക് കെല്‍ട്രോണ്‍ വെക്കുന്നുണ്ട്. ഈ പണം പ്രെസാഡിയോ ആണ് നല്‍കിയത്.

235.82 കോടി ആകെ ചിലവ് പ്രതീക്ഷിച്ച പദ്ധതിയില്‍ 166.23 കോടി പദ്ധതിനിര്‍വഹണത്തിനും 66.92 കോടി മേല്‍നോട്ടക്കൂലിയുമെന്നാണ് കെല്‍ട്രോണ്‍ കണക്ക് കൂട്ടിയത്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചര്‍ച്ചനടത്തിയാണ് ഇത് 232.25 കോടിയായി കുറച്ചത്.

2018 ല്‍ വിഭാവനം ചെയ്ത പദ്ധതിക്കായി 2019 ലാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. സര്‍ക്കാരിന് മുതല്‍ മുടക്കില്ലാതെ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പിഴത്തുകയില്‍ നിന്ന് അഞ്ചു വര്‍ഷം കൊണ്ട് ചെലവായ പണം തിരിച്ചു പിടിക്കുന്നതായിരുന്നു ആദ്യ മോഡല്‍. കെല്‍ട്രോണിന് നേരിട്ട് ടെണ്ടര്‍ വിളിച്ച് സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമായിരുന്നു. എന്നാല്‍ ധനവകുപ്പും, ധനവകുപ്പിന്റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെ 2020 ല്‍ കെല്‍ട്രോണിനെ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റാക്കി മാറ്റി.

നേരിട്ട് പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണിനോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ തന്നെ പൊതുമേഖലാ സ്ഥാപനത്തെ കണ്‍സള്‍ട്ടന്‍സിയാക്കി സ്വകാര്യ മേഖലയെ പണിയേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒരേ ഉത്തരവില്‍ കെല്‍ട്രോണിന് രണ്ടു മോഡല്‍ കരാറിലേപ്പെടാന്‍ അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ പണം മുടക്കുന്ന കെല്‍ട്രോണിന് പദ്ധതി ആരംഭിക്കുന്ന അന്നു മുതല്‍ മൂന്നു മാസം കൂടുമ്പോള്‍ 11 കോടി തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ഗതാഗത കമ്മീഷണും കെല്‍ട്രോണ്‍ എംഡിയുമായി 2020 ല്‍ ധരണ പത്രം ഒപ്പിട്ടു.

ഇതിന് പിന്നാലെയാണ് കെല്‍ട്രോണ്‍ ഉപകരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്നതും ക്യാമറകള്‍ സ്ഥാപിക്കുന്നതും. ക്യാമറകള്‍ സ്ഥാപിച്ച് പിഴ ചുമത്താനുള്ള സര്‍ക്കാര്‍ അനുമതിക്ക് വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് ഫയലുമായി ചെന്നപ്പോഴാണ് ചീഫ് സെക്രട്ടി ക്യാമറ കരാറിന് പിന്നിലെ നിയമ ലംഘനങ്ങളുടെ ചുരുളഴിക്കുന്നത്. കരാര്‍ ഏത് മാതൃകയില്‍, തിരിച്ചടവ് രീതിയെങ്ങനെ, പിഴപ്പണത്തില്‍ നിന്നാണ് തിരിച്ചടവെങ്കില്‍ പിഴ കുറഞ്ഞാല്‍ പണമെവിടെ നിന്ന് തുടങ്ങിയ ചോദ്യങ്ങള്‍ ചീഫ് സെക്രട്ടറി ഉന്നയിച്ചു.

തെറ്റുകള്‍ തിരുത്തി പദ്ധതിക്ക് അനുമതി നല്‍കണമെന്ന് മോട്ടര്‍ വാഹന വകുപ്പ് ആവശ്യം മന്ത്രിസഭയ്ക്ക് മുന്നില്‍ എത്തിയപ്പോഴേക്കും കോടികള്‍ മുടക്കി ക്യാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇനി പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് വന്നതോടെ മന്ത്രി സഭ അംഗീകാരം നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.