തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പൊതുപണിമുടക്ക് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്.
പ്രധാന നഗരങ്ങളായ ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലൊന്നും പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, കേരളത്തില്‍ ശക്തമായിരുന്നു. പണിമുടക്കില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പൊതുജനങ്ങള്‍ വലഞ്ഞു.
24 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണ്. കേന്ദ്രനയങ്ങള്‍ക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും ഇടത് സര്‍വീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിച്ചു. ഇപ്പോഴും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി നടത്തിയത് വിരലില്‍ എണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ്. ചുരക്കം ഓട്ടോകളും ടാക്‌സികളുമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും സമരാനുകൂലികള്‍ ചിലയിടങ്ങളില്‍ തടഞ്ഞു. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായിരുന്നു. തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച് അടിപ്പിച്ചു. സംസ്ഥാനത്ത് പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സമരത്തെ അനുകൂലിക്കുന്നവര്‍ ജോലിക്കെത്തിയില്ല. സെക്രട്ടേറിയറ്റില്‍ 4686 ല്‍ 423 പേരാണ് ഹാജരായത്. മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസും അടപ്പിച്ചു.
കുമളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണിമുടക്ക് അനുകൂലികളുടെ മര്‍ദനമേറ്റിരുന്നു. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. സിപിഎം-സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം. മുല്ലപ്പെരിയാറിലെ പുതിയ ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജലസേചന വകുപ്പിന്റെ ഓഫീസിന് സമീപത്തുവെച്ചായിരുന്നു മര്‍ദനം. ഈ ഓഫീസിലെ ജീവനക്കാരനാണ് വിഷ്ണു.
പണിമുടക്കിന്റെ ഭാഗമായി ഓഫീസ് സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഈ സമയത്ത് വീട്ടില്‍ പോയി പറയെടാ എന്ന് വിഷ്ണു പറഞ്ഞതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൂട്ടംകൂടി ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരന്‍ പരാതിപ്പെടാത്തതിനാല്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.
അതേസമയം പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം മഞ്ചരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനുമെതിരെയാണ് കേസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.