അനുദിന ജീവിതം യേശുവിനൊപ്പം വീണ്ടും ആത്മശോധന നടത്താം: ഫ്രാന്‍സിസ് പാപ്പ

അനുദിന ജീവിതം യേശുവിനൊപ്പം വീണ്ടും ആത്മശോധന നടത്താം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈനംദിന ജീവിതത്തിലെ സന്തോഷങ്ങളിലേക്കും വിഷമങ്ങളിലേക്കും യേശുവിനെ ക്ഷണിക്കുന്നതിനായി ഓരോ ദിവസത്തിന്റെയും അവസാനത്തില്‍ യേശുവിനോടൊപ്പം ആത്മശോധന നടത്താന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഈസ്റ്ററിന്റെ മൂന്നാം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ദിവ്യബലി മധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, പതിമൂന്നൂ മുതല്‍ മുപ്പത്തിയഞ്ചു വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം. അതായത്, എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ടു ശിഷ്യന്മാരുമായി ഉത്ഥിതനായ യേശുവിന്റെ കൂടിക്കാഴ്ചയാണ് സുവിശേഷ വായനയില്‍ വിവരിക്കുന്നത്.

യെരൂശലേമില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ ശിഷ്യന്മാരോടു കൂടെ സഞ്ചരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുന്ന ഉത്ഥിതനായ യേശുവിനെ അവര്‍ തിരിച്ചറിയാതിരിക്കുന്നതും എന്നാല്‍ യാത്രയുടെ അവസാനം അവരുടെ അതിഥിയായി ഭവനത്തില്‍ പ്രവേശിച്ച അവിടുന്ന് അപ്പം എടുത്ത് ആശീര്‍വദിച്ച് നല്‍കുമ്പോള്‍ അവരുടെ നയനങ്ങള്‍ തുറക്കപ്പെടുകയും യേശുവിനെ തിരിച്ചറിയുകയും ചെയ്യുന്ന സംഭവമായിരുന്നു അത്.

'ദൈവ വചനത്തിന്റെ വെളിച്ചത്തില്‍ വസ്തുതകളെ മറ്റൊരു രീതിയില്‍ പുനര്‍വ്യാഖ്യാനം ചെയ്യാന്‍ കര്‍ത്താവ് അവരെ സഹായിക്കുന്നു.

ഇതുപോലെ യേശുവിനോടൊപ്പം നമ്മുടെ കഥ വീണ്ടും വായിക്കേണ്ടത് നമ്മെ സംബന്ധിച്ചും സുപ്രധാനമാണ്. എല്ലാ ദിവസവും വൈകുന്നേരം ആത്മപരിശോധന നടത്തുന്നത് ഉചിതമാണ്. യേശുവിനോടൊപ്പം ഓരോ ദിവസത്തെയും വീണ്ടും പരിശോധിക്കുക. പ്രതീക്ഷകളും സങ്കടങ്ങളും നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ ജീവിതത്തിന്റെ ചരിത്രം യേശുവിനോടൊപ്പം വീണ്ടും വായിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ സ്വന്തം കണ്ണു കൊണ്ടു മാത്രമല്ല, വ്യത്യസ്ത കണ്ണുകളാല്‍ കാര്യങ്ങളെ നോക്കാന്‍ പഠിക്കുക' - പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഇന്ന് നമുക്ക് ആരംഭിക്കാം, ഇന്നു വൈകുന്നേരം പ്രാര്‍ത്ഥനയ്ക്കായി ഒരു നിമിഷം നീക്കിവച്ചുകൊണ്ട് നമുക്ക് സ്വയം ചോദിക്കാം... 'എന്റെ ദിവസം എങ്ങനെയായിരുന്നു? ഞാന്‍ ചെയ്തതില്‍ അല്‍പ്പമെങ്കിലും സ്‌നേഹമുണ്ടായിരുന്നോ? സന്തോഷങ്ങള്‍, സങ്കടങ്ങള്‍, വിരസതകള്‍ എന്നിവ എന്തെല്ലാമാണ്?'

യേശുവില്‍ നിന്ന് ഒന്നും മറച്ചുവെക്കരുത്. അവിടുത്തെ സത്യത്താല്‍ സ്വയം മുറിവേല്‍പ്പിക്കാന്‍ നാം അനുവദിക്കണം. അവിടുത്തെ വചനനിശ്വാസത്താല്‍ ഹൃദയത്തെ സ്പന്ദിക്കാന്‍ അനുവദിക്കുക.

നമ്മോടൊപ്പം നടക്കുന്ന യേശുവിനെ തിരിച്ചറിയാനും നമ്മുടെ അനുദിന ജീവിതം യേശുവിനോടൊപ്പം വീണ്ടും വായിക്കാനും ജ്ഞാനിയായ കന്യകമറിയം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.