കാന്‍ബറ: ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള വ്യാപാര, നിക്ഷേപ, ജീവകാരുണ്യ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ഓസ്‌ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ബാരി ഒ ഫാരെല്‍ പറഞ്ഞു. ഓസ്ട്രേലിയ-ഇന്ത്യ ബന്ധത്തോടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി രത്തന്‍ ടാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1998 മുതല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് ടി.സി.എസ്. 17,000ത്തോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ആരോഗ്യ, തദ്ദേശീയ നേതൃപാടവ വികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഓസ്ട്രേലിയന്‍ എന്‍.ജി.ഒകള്‍ക്ക് സൗജന്യ ഐ.ടി സേവനങ്ങളും ടാറ്റ നല്‍കിവരുന്നുണ്ട്. ഇതിനുപുറമെ 2022ല്‍ ധാരണയായ ഇന്ത്യ-ഓസ്ട്രേലിയ സാമ്പത്തിക, വ്യാപാര സഹകരണ കരാറിന്റെ ശക്തനായ വക്താവാണ് രത്തന്‍ ടാറ്റ.
രത്തന്‍ ടാറ്റയുടെ വ്യവസായ രംഗത്തെ സംഭാവനകള്‍ക്ക് രാജ്യം സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മൂന്നാമത്തെയും രണ്ടാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് നല്‍കിയിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത രത്തന്‍ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.