മയക്കുമരുന്ന് ഉപയോഗം; ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

 മയക്കുമരുന്ന് ഉപയോഗം; ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

കൊച്ചി: നടന്‍മാരായ ശ്രീനാഥ് ഭാസിയുടെയും ഷെയിന്‍ നിഗത്തിന്റെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍. താരസംഘടന എ.എം.എം.എ കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം.

മയക്കുമരുന്നിന് അടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ട് നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും നിര്‍മ്മാതാവ് രഞ്ജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളും ചേര്‍ന്ന് ചര്‍ച്ച നടത്തിയത് സിനിമയുടെ നന്മക്ക് വേണ്ടിയാണെന്നും രഞ്ജിത്ത് പറഞ്ഞു.

സിനിമ മേഖലയില്‍ ലഹരി മരുന്നുപയോഗിക്കുന്ന നിരവധി പേരുണ്ട്. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടന്‍മാരുടെ കൂടെ അഭിനയിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

സ്ഥിരമായി മയക്കു മരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളില്‍ കൃത്യമായി എത്താന്‍ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല.

ഇതേ പരാതി തന്നെയാണ് ഷെയിന്‍ നിഗത്തിനെതിരെയും ഉള്ളത്. ഇത് നിര്‍മ്മാതാക്കളുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം. ഈ താരങ്ങള്‍ക്കെതിരെ നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത് പിന്നീട് പിന്‍വലിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.